
സൈബർ തട്ടിപ്പുകൾ ആധുനിക കാലത്തെ ഏറ്റവും ഭയക്കേണ്ട കാര്യങ്ങളിൽ ഒന്നാണ്. അക്കൗണ്ടിൽ നിന്ന് ആയിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെടാൻ നിമിഷങ്ങൾ മതി. അതിനാൽ വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന് സൈബർ പൊലീസ് കൂടെക്കൂടെ മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൽ അവർ ഏറ്റവും പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്, അജ്ഞാതർക്ക് ഒ.ടി.പി നമ്പർ ഒരു കാരണവശാലും കൈമാറരുത് എന്നതാണ്. വ്യാജ സന്ദേശം അയയ്ക്കുന്നവർ തട്ടിപ്പിന് പല വഴികളും ഉപയോഗിക്കും. അതിലൊന്നാണ് ബാങ്കിൽ നിന്നുള്ള സന്ദേശമെന്ന് തോന്നിക്കുന്ന മെസേജുകൾ. ഇത്തരം മെസേജുകൾ അയയ്ക്കാറില്ലെന്ന് ബാങ്കുകാരും മുന്നറിയിപ്പുകൾ നൽകാറുണ്ട്.
സംശയം തോന്നിയാൽ ബാങ്കിൽ ബന്ധപ്പെടാതെ മറുപടി അയയ്ക്കരുതെന്ന് പലതവണ ബാങ്ക് അധികൃതരും ഇടപാടുകാരെ അറിയിച്ചിട്ടുള്ളതാണ്. ഇതൊക്കെയാണെങ്കിലും സൈബർ തട്ടിപ്പിന്റെ വാർത്തകൾ വരാത്ത ഒരു ദിവസവുമില്ല. ഒ.ടി.പി നമ്പർ ആർക്കും കൈമാറാതിരുന്നാൽ ഇത്തരം തട്ടിപ്പുകളിൽ ഭൂരിപക്ഷവും തടയാനാവും. പക്ഷേ വിദ്യാഭ്യാസമുള്ളവർ പോലും ഈ മുന്നറിയിപ്പ് അവഗണിച്ച് ഒ.ടി.പി നമ്പർ കൈമാറുന്നതാണ് ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാൻ പ്രധാന കാരണം. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സമൂഹത്തെ ബോധവത്‌കരിക്കുന്ന പൊലീസും ഒ.ടി.പി കെണിയിൽ വീണതാണ് സൈബർ തട്ടിപ്പിലെ ഏറ്റവും ഒടുവിലത്തെ വാർത്ത!
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നാണ് ഒ.ടി.പി നമ്പർ കൈമാറിയതു വഴി 25,000 രൂപ പോയത്. എന്നാൽ സൈബർ ക്രൈം പൊലീസ് ഇടപെട്ട് പണം പിൻവലിക്കുന്നത് തടഞ്ഞതിനാൽ പണം തിരികെക്കിട്ടാൻ സാദ്ധ്യതയുണ്ട്. അക്കൗണ്ട്‌സ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ഔദ്യോഗിക മൊബൈൽ ഫോണിലേക്കാണ് ബാങ്കിൽ നിന്നെന്ന വ്യാജേന 24 മണിക്കൂറിനുള്ളിൽ കെ.വൈ.സി പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് ക്യാൻസലാകുമെന്ന സന്ദേശമെത്തിയത്. ഇതു ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്താതെ, സന്ദേശം കിട്ടിയപാടെ ലിങ്കിൽ കയറി ഒ.ടി.പി കൈമാറി. പിന്നാലെ അക്കൗണ്ടിൽ നിന്ന് 25,000 രൂപ പിൻവലിച്ചെന്ന സന്ദേശമെത്തിയപ്പോഴാണ് തട്ടിപ്പ് പിടികിട്ടിയത്.
ഓഫീസർ ഉടൻ 1930 എന്ന കൺട്രോൾ റൂം നമ്പരിൽ വിവരമറിയിച്ചു. സൈബർ ക്രൈം പൊലീസ് ഉടൻ ഇടപെട്ടതിനാൽ തട്ടിപ്പു നടത്തിയത് ഉത്തരേന്ത്യൻ സംഘമാണെന്നും അവരുടെ അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്‌ഫർ ചെയ്തതെന്നും കണ്ടെത്തി. ഈ അക്കൗണ്ടിൽ വരുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി. എന്നാൽ അങ്ങനെ മാറ്റുന്നതിനുമുമ്പ് തടയാൻ ക്രൈം പൊലീസിനായി. ഉടൻതന്നെ ഇടപെട്ടതിനാലാണ് ഇങ്ങനെ തടയാനായത്. സാധാരണക്കാരുടെ പരാതിയാണെങ്കിൽ അന്വേഷണം വൈകുകയും പണം നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യുമായിരുന്നു.
വീട് കുത്തിത്തുറന്ന് മോഷ്ടിക്കുന്ന കള്ളന്മാരുടെ രീതിയല്ല സൈബർ തട്ടിപ്പുകാരുടേത്. അവർ ബുദ്ധി ഉപയോഗിച്ചാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കളിക്കുന്നത്. അതിനാൽ വളരെ സൂക്ഷിച്ചു വേണം പരിചയമില്ലാത്ത ലിങ്കിൽ കയറി സന്ദേശങ്ങൾക്ക് മറുപടി നൽകാൻ തുനിയേണ്ടത്. വളരെ പരിചിതരല്ലാത്തവർക്ക് ഒരു കാരണവശാലും ഒ.ടി.പി നമ്പർ കൈമാറാനേ പാടില്ല. പൊലീസിനെപ്പോലും പറ്റിക്കുന്ന കടുവയെ പിടിക്കുന്ന കിടുവകളാണ് തട്ടിപ്പുകാർ. അതിനാൽ ഓൺലൈൻ പണമിടപാട് നടത്തുന്നവർ ഇരട്ടി ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ്. കാരണം, ഓരോ വർഷം പിന്നിടുമ്പോഴും സൈബർ തട്ടിപ്പുകൾ ഇരട്ടിയായാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.