k

തിരുവനന്തപുരം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാന കായിക മേഖലയ്‌ക്കുള്ള ഏകീകൃത ആസ്ഥാനമായ കായികഭവൻ യാഥാർത്ഥ്യമാകുന്നു. വാൻറോസ് ജംഗ്ഷനിൽ കായികവകുപ്പിന് കീഴിൽ കായികഭവന് വേണ്ടിയുള്ള 32 സെന്റ് കാടുപിടിച്ച് നശിക്കുന്നുവെന്ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.

തുടർന്ന് നവംബറിൽ മന്ത്രി വി.അബ്ദുറഹ്മാൻ ആദ്യഘട്ടത്തിന്റെ തറക്കല്ലിട്ട ശേഷം കഴിഞ്ഞയാഴ്ച മരം മുറിച്ച് അടിത്തറ കെട്ടിത്തുടങ്ങി. ഏഴുനില കെട്ടിടം നിർമ്മിക്കുന്ന പദ്ധതിക്ക് സ്‌പോർട്സ് ഡയറക്ടറേറ്റാണ് നേതൃത്വം നൽകുന്നത്. 2025 ഫെബ്രുവരിയോടെ നാലു നിലകളുടെ പണി പൂർത്തിയാകുന്ന പദ്ധതിക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റി ഏപ്രിലിൽ എട്ടുകോടിയുടെ ആദ്യഘട്ടത്തിന്റെ ടെൻഡറെടുത്തു. 1926ൽ കേരള ഒളിമ്പിക്ക് അസോസിയേഷന് നഗരസഭ വിട്ടുകൊടുത്ത സ്ഥലത്ത് 2015വരെ അസോസിയേഷന്റെ കെട്ടിടം പ്രവർത്തിച്ചിരുന്നു. 201ലാണ് സ്ഥലം കായികവകുപ്പ് ഏറ്റെടുത്ത് കായികഭവൻ നിർമ്മിക്കാൻ തീരുമാനിച്ചത്.

2021ൽ അന്നത്തെ കായികമന്ത്രി ഇ.പി.ജയരാജൻ തറക്കല്ലിട്ടെങ്കിലും സർക്കാരിന്റെ മെല്ലെപ്പോക്ക് കാരണം പദ്ധതി ഇഴയുകയായിരുന്നു.

ആദ്യഘട്ടത്തിന്റെ പണി പൂർത്തിയാകുന്നതിനനുസരിച്ച് മൂന്നുനിലകൾ നിർമ്മിക്കുന്ന രണ്ടാംഘട്ടത്തിന്റെ ടെൻഡറും ക്ഷണിക്കും.

മാലിന്യപ്രശ്‌നത്തിന് ആശ്വാസം

സ്ഥലത്തെ മാലിന്യനിക്ഷേപവും തെരുവുനായ ശല്യവും സ്വകാര്യവാഹനങ്ങളുടെ പാർക്കിംഗും പരിസരവാസികൾക്ക് തലവേദന സൃഷ്ടിച്ചു. ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ടായിരുന്നു. ഊരാളുങ്കലിന്റെയും ജനങ്ങളുടെയും നേതൃത്വത്തിലാണ് മാലിന്യം നീക്കിയത്.

കായികഭവൻ

ഏഴുനിലകൾ

ആദ്യഘട്ടം പതിനഞ്ചു മാസത്തിനകം

ഹെൽത്ത് ക്ലബ്,കേരള ഒളിമ്പിക്ക് അസോസിയേഷൻ ഓഫീസ്,കായിക ഡയറക്ടറേറ്റിന്റെ

ഓഫീസ്,സ്‌പോർട്സ് കൗൺസിൽ എൻജിനിയറിംഗ് വിഭാഗം എന്നിവ

ലോകോത്തര സ്‌പോർട്സ് സാധനങ്ങൾ

വിദേശത്തു നിന്നെത്തുന്ന കായികരംഗവുമായി ബന്ധപ്പെട്ട വിശിഷ്ട വ്യക്തികൾ,

കോച്ചുകൾ എന്നിവർക്കുള്ള താമസസൗകര്യം

കോവർക്കിംഗ് സ്‌പെയ്സുകൾ

സി.സി ടിവി