c

ലക്ഷക്കണക്കിന് തീർത്ഥാടകർ ദർശനത്തിനെത്തുന്ന ശബരിമലയിൽ സൗകര്യങ്ങൾ കൂട്ടണമെന്നും പതിനഞ്ചും ഇരുപതും മണിക്കൂർ നീളുന്ന കാത്തുനില്പ് ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നത് ഇന്നോ ഇന്നലെയോ അല്ല. ഓരോ സീസണിലും അതിശക്തിയായി ഈ ആവശ്യമുയർന്നിട്ടും ഭക്തജനങ്ങളുടെ യാതനയ്ക്ക് അറുതിയായിട്ടില്ല. എല്ലാം പഴയ രീതിയിൽത്തന്നെയാണ് നടക്കുന്നത്. തിരക്കേറിയ ദിവസങ്ങളിൽ ഒരുലക്ഷത്തോളം പേരാണ് ദർശനം തേടിയെത്തുന്നത്. എന്നാൽ ഏറ്റവും കുറഞ്ഞ സൗകര്യങ്ങളെങ്കിലും ഇവർക്കായി ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ഏറെ പരിമിതികളുണ്ടെന്ന വാദമാണ് പലപ്പോഴും ഉയർന്നുവരുന്നത്. വനമേഖലയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാകയാൽ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം ലഭ്യമാകുന്നില്ലെന്നത് വാസ്തവമാണ്. അതേസമയം,​ പതിനായിരക്കണക്കിന് ഏക്കർ വനഭൂമി പലരും വെട്ടിപ്പിടിച്ച് കൈവശം വച്ചനുഭവിക്കുന്ന നാട്ടിൽ കുറച്ചു സ്ഥലം ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ ആവശ്യത്തിനായി മാറ്റിവയ്ക്കാൻ എന്തുകൊണ്ട് കഴിയുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്.

മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നട കഴിഞ്ഞ രാത്രി അടച്ചതോടെ ഈ വർഷത്തെ തീർത്ഥാടനത്തിന്റെ ആദ്യഘട്ടം സമാപിച്ചിരിക്കുകയാണ്. അവസാന മൂന്നു ദിവസം പതിനഞ്ചു മണിക്കൂർ വരെയാണ് ഭക്തർ വരിനിൽക്കേണ്ടിവന്നത്. യാതൊരു സൗകര്യങ്ങളുമില്ലാത്ത വനപാതയിൽ പലേടത്തും അവരുടെ വാഹനങ്ങൾ തടഞ്ഞിട്ടു. സന്നിധാനത്ത് തിരക്കു കൂടുമ്പോൾ വഴിയിലുടനീളം ഇതുപോലുള്ള നിയന്ത്രണങ്ങളിലൂടെയാണ് ഭക്തരെ നിയന്ത്രിക്കുന്നത്. ഭക്തരെ ബുദ്ധിമുട്ടിക്കാത്ത വിധമാകണം നിയന്ത്രണങ്ങൾ ഏർപ്പെടുത്താനെന്ന് ഹൈക്കോടതി പലവുരു നിർദ്ദേശം നൽകിയിട്ടും അതൊന്നും പാലിക്കാനാകാത്ത വിധമാണ് തിരക്കു കൂടുന്നത്.

സന്നിധാനത്തെത്തി ദർശനം നടത്തുന്നവരെ ഉടനുടൻ അവിടെനിന്ന് ഒഴിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസവും കോടതി നിർദ്ദേശിച്ചിരുന്നു. സന്നിധാനത്ത് ഭക്തർ ദീർഘനേരം തങ്ങുന്നതാണ് താഴെ പമ്പയിലും അങ്ങോട്ടുള്ള വഴിയിലുടനീളവും തടസ്സങ്ങൾ സൃഷ്ടിക്കുന്നത്. തൊഴുതു മടങ്ങലിന് വേഗം കൂട്ടിയാൽ ഒരു പരിധിവരെ തീർത്ഥാടകരുടെ ഒഴുക്ക് ക്രമവൽക്കരിക്കാനാകും. ഇത് ഉറപ്പുവരുത്താനാവശ്യമായ ശാസ്‌ത്രീയ തിരക്കു നിയന്ത്രണങ്ങളാണ് അടിയന്തരമായി സന്നിധാനത്ത് ഏർപ്പെടുത്തേണ്ടത്. വെർച്വൽ ക്യൂ സമ്പ്രദായം വഴി മാത്രമേ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടാവൂ എന്ന നിബന്ധനയും കർക്കശമാക്കണം. വർഷത്തിൽ എല്ലാ ദിവസവും ശബരിമലയിലെത്തുന്നവരെക്കാൾ അധികം ഭക്തർ എത്തുന്ന തിരുപ്പതിയിൽ എത്ര ശാസ്ത്രീയമായാണ് കാര്യങ്ങൾ നടക്കുന്നതെന്നത് വളരെ പ്രസിദ്ധമാണ്. ശബരിമലയിലും തിരുപ്പതി മാതൃക സ്വീകരിക്കണമെന്ന നിർദ്ദേശത്തിന് ഏറെ പഴക്കമുണ്ട്.

ഇനി മകരവിളക്കിനായി ഡിസംബർ 30-ന് വീണ്ടും നട തുറക്കുമ്പോഴെങ്കിലും ഭക്തരുടെ ദുരിതം ലഘൂകരിക്കാനാവശ്യമായ തയ്യാറെടുപ്പുകൾ ഉണ്ടാകണം. രണ്ടാഴ്ചക്കാലം മാത്രം നട തുറന്നിരിക്കുമെന്നതിനാൽ ഇനിയുള്ള ദിവസങ്ങളിലും തിരക്ക് അനിയന്ത്രിതമാകാൻ ഇടയുണ്ട്. മണ്ഡലകാലത്ത് വരിനിന്ന് അവശനിലയിലായ പലരും സന്നിധാനത്തേക്കു പോകാനാകാതെ യാത്ര ഇടയ്ക്കുവച്ച് നിറുത്തി മടങ്ങേണ്ട അവസ്ഥയുണ്ടായി. മുൻപ് ഒരിക്കലും ഇതുപോലൊരു ദു:സ്ഥിതി ഉണ്ടായിട്ടില്ലെന്ന് ഓർക്കണം. അയൽ നാടുകളിൽ നിന്നെത്തിയവർക്കൊക്കെ വലിയ പരാതികളാണ് പറയാനുണ്ടായിരുന്നത്. ദേവസ്വം ബോർഡിനും സർക്കാരിനും അഭിമാനിക്കത്തക്ക കാര്യമല്ലിത്. ഏറെ ക്ളേശങ്ങൾ സഹിച്ച് എത്തുന്ന തീർത്ഥാടകർക്കാവശ്യമായ സൗകര്യങ്ങൾ പ്രദാനം ചെയ്യേണ്ടത് നമ്മുടെ കടമയാണ്. അവരുടെ നാവിൽ നിന്ന് ശാപവാക്കുകൾ കേൾക്കാൻ ഇടവരുത്തരുത്.