
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ കൈത്തറി യൂണിഫോമിനുള്ള തുണി ഉത്പാദനം പകുതിയിൽ നിലച്ചു. രണ്ടു മാസമായി ഉത്പാദനം നടക്കുന്നില്ല. നൂലിന്റെ പണം നൽകാത്തതിനാൽ മില്ലുകൾ ഓർഡർ എടുക്കാത്തതാണ് കാരണം. നെയ്ത്തുകാർക്ക് കൂലി മുടങ്ങിയിട്ടും അഞ്ചു മാസമായി.
48-50 ലക്ഷം മീറ്റർ തുണിയാണ് അടുത്ത അദ്ധ്യയന വർഷത്തേക്ക് തയ്യാറാക്കേണ്ടത്. ഇതിൽ 30 ലക്ഷം മീറ്റർ തുണിയുടെ ഉത്പാദനമാണ് നടന്നത്. സാധാരണഗതിയിൽ ഡിസംബറോടെ യൂണിഫോം തുണി സജ്ജമാകാറുണ്ട്. സർക്കാർ ഇടപെടൽ വൈകിയാൽ യൂണിഫോം വിതരണവും വൈകും.
നെയ്ത്തുകാരുടെ കൂലിയിനത്തിൽ സംഘങ്ങൾക്ക് സർക്കാരിൽ നിന്ന് 20 കോടി രൂപ കിട്ടാനുണ്ട്. ഹാൻടെക്സിന് തുണി കൊടുത്ത വകയിൽ 30 കോടി കുടിശ്ശിക വേറെയുമുണ്ട്. ഇതോടെ കൈത്തറി സംഘങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലായി. പ്രവർത്തന ചെലവിനും ജീവനക്കാർക്ക് കൂലി നൽകാനും പണമില്ല. ആറായിരത്തിലധികം നെയ്ത്തുകാരാണ് കൈത്തറി യൂണിഫോം ഉത്പാദന രംഗത്തുള്ളത്.
നൂലിന്റെ പണം സമയത്തിന് നൽകാതെ മില്ലുകളെയും വലയ്ക്കുന്നത് സർക്കാരാണ്. സാമ്പത്തിക പ്രതിസന്ധി കാരണം സ്പിന്നിംഗ് മില്ലുകളിൽ പലതിലും നൂൽ ഉത്പാദനം നിലച്ചു. ഹാൻഡ്ലൂം ഡയറക്ടറേറ്റിൽ നിന്നാണ് മില്ലുകൾക്ക് നൂലിനുള്ള ഓർഡർ ലഭിക്കുന്നത്. 60,000 കിലോ നൂലാണ് യൂണിഫോമിന് ഉത്പാദിപ്പിച്ച് നൽകുന്നത്. ഇതിന് രണ്ടു കോടി രൂപ വേണം. പണം കണ്ടെത്താൻ സാധിക്കാതെ വരുന്നതോടെ മില്ലുകൾ നൂൽ ഉത്പാദനം നിറുത്തുകയായിരുന്നു.
യൂണിഫോം നെയ്ത്ത് കൂലി
ഒരു മീറ്റർ യൂണിഫോമിന് 52 രൂപ 42 പൈസ
എട്ടു മണിക്കൂറിൽ എട്ടു മീറ്റർ നെയ്യാനാകും
ദിവസം പരമാവധി കിട്ടുന്നത് 420 രൂപ
നെയ്ത്ത് നിറുത്തി
തൊഴിലുറപ്പിന്
പ്രധാന കൈത്തറി മേഖലയായ ബാലരാമപുരത്ത് പത്തുവർഷം മുമ്പ് തൊഴിലാളികളും സംരംഭകരും കച്ചവടക്കാരുമായി അരലക്ഷത്തിലേറെപ്പേർ ഉണ്ടായിരുന്നു. ഇപ്പോൾ 11,500 പേർ മാത്രം. ബാക്കിയുള്ളവർ തൊഴിലുറപ്പിനെയും മറ്റ് ജോലികളേയും ആശ്രയിച്ചു.