cm

തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുകയാണ് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുതാര്യമായ നടപടികളിലൂടെ കാര്യക്ഷമതയും നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയാണ് കെ.പി.ഇ.എസ്.ആർ.ബിയുടെ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ബോർഡിന്റെയും പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം വെള്ളയമ്പലത്തെ ബോർഡ് ആസ്ഥാനത്ത്
നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ റിക്രൂട്ട്‌മെന്റാണ് ആദ്യഘട്ടത്തിൽ ബോർഡിന്റെ പരിധിയിൽ വരിക. മറ്റ് വകുപ്പുകൾക്ക് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്കും റിക്രൂട്ട്‌മെന്റ് സാദ്ധ്യതകൾ ഉപയോഗപ്പെടുത്താം. പി.എസ്.സിയുടെ അതേ കാര്യക്ഷമതയോടെ എം.ഡിയടക്കമുള്ളവരെ നിയമിക്കുന്നത് ബോർഡിലൂടെയായിരിക്കും.
വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നൈപുണ്യ പരിശീലനമടക്കം നൽകുന്ന തരത്തിലാണ് ബോർഡിന് രൂപം നൽകിയതെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.

വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെ.പി.ഇ.എസ്.ആർ.ബി സ്‌പെഷ്യൽ ഓഫീസർ അഞ്ജന എം, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, ബി.പി.ടി ചെയർമാൻ അജിത് കുമാർ കെ, കെ.പി.ഇ.എസ്.ആർ.ബി മെമ്പർ രാജീവൻ വി.കെ, സെക്രട്ടറി
രഞ്ജിത്കുമാർ എം.ജി എന്നിവർ സംബന്ധിച്ചു. ബോർ‌ഡ് ചെയർമാൻ ഡോ. വി. ജോയ് സ്വാഗതം പറഞ്ഞു.