
തിരുവനന്തപുരം: പോത്തൻകോട്ട് 36 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. പോത്തൻകോട് മഞ്ഞമല കുറവൻവിളാകത്ത് വീട്ടിൽ സജി-സുരിത ദമ്പതികളുടെ മകൻ ശ്രീദേവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സുരിതയെ പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്‌തു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുഞ്ഞിനെ വളർത്താനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാലാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് സുരിത പൊലീസിനോട് പറഞ്ഞു.
സംഭവം നടക്കുമ്പോൾ സുരിതയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞശേഷം മുറിയിൽ വന്ന് കിടന്ന സുരിത പിന്നീട് അമ്മയെ വിളിച്ചുണർത്തി കുഞ്ഞിനെ കാണാനില്ലെന്ന് പറയുകയായിരുന്നു. അവർ വിവരം സമീപത്ത് താമസിക്കുന്ന സുരിതയുടെ സഹോദരിയെ അറിയിച്ചു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പണിമൂലയിലെ വാടക വീട്ടിൽ താമസിക്കുന്ന സജിയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. ഉടൻ വീട്ടിലെത്തിയ പൊലീസ് നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവൽ കിണറ്റിൻകരയിൽ കണ്ടെത്തി. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന സംശയം ബലപ്പെട്ടതോടെ കഴക്കൂട്ടം ഫയർഫോഴ്സിനെ പൊലീസ് വിവരമറിയിച്ചു. അവരെത്തി 4.30ഓടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തതിനു പിന്നാലെ സുരിതയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പരസ്‌പരവിരുദ്ധ മറുപടികളാണ് സുരിത നൽകിയത്. കുഞ്ഞിനെ ആരോ എടുത്തു കൊണ്ടുപോയെന്നാണ് ആദ്യം പറഞ്ഞത്. പൊലീസെത്തുമ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. വാതിൽ പൂട്ടാൻ മറന്നുപോയതാണെന്ന് സുരിത പറഞ്ഞതിൽ സംശയം തോന്നിയ പൊലീസ്,റൂറൽ എസ്.പി കിരൺ നാരായണന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞതായി സമ്മതിച്ചത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താനായിരുന്നില്ല. ജന്മനാ വൃക്ക സംബന്ധമായ അസുഖം കണ്ടെത്തിയ കുഞ്ഞിന് ആവശ്യത്തിന് ഭാരവും ഉണ്ടായിരുന്നില്ല. എന്നിട്ടും തുടർചികിത്സ നടത്താനോ കുട്ടിയെ നന്നായി വളർത്താനോ കഴിയാത്ത സാഹചര്യമായിരുന്നു. പുറത്തുനിന്ന് വന്നയാൾ വാതിൽ കുത്തിത്തുറന്ന് കുഞ്ഞിനെ എടുത്തുകൊണ്ടുപോയെന്ന് സംശയിക്കുന്നതിനു വേണ്ടിയാണ് വാതിൽ തുറന്നിട്ടതെന്നും ഇവർ വെളിപ്പെടുത്തി.
സുരിതയ്ക്ക് നേരത്തെ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ കൊല്ലാനുള്ള കാരണമെന്ന് പോത്തൻകോട് സി.ഐ വ്യക്തമാക്കി. കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. സജിക്ക് കൂലിപ്പണിയാണ്. ദമ്പതികൾക്ക് അഞ്ച് വയസുള്ള മകൻ കൂടിയുണ്ട്.