uni

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിൽ കുടുങ്ങി ഒരു വർഷത്തിലേറെയായി കേരള സർവകലാശാലയ്ക്ക് വൈസ്ചാൻസലറില്ലാത്ത ദുഃസ്ഥിതിക്ക് അറുതിയായേക്കും. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കാൻ ജനുവരിയിൽ സെനറ്റ് ചേരും. ഇതിനായുള്ള നടപടി തുടങ്ങാൻ വി.സിയുടെ ചുമതലയുള്ള ഡോ.മോഹനൻ കുന്നുമ്മേൽ രജിസ്ട്രാറോട് നിർദ്ദേശിച്ചു.

അംഗങ്ങൾക്ക് 10 ദിവസം മുൻകൂറായി നോട്ടീസയച്ച് സെനറ്റ് വിളിക്കാം.

സെനറ്റ് പ്രതിനിധിയെ നൽകാനാവശ്യപ്പെട്ട് ഗവർണറയച്ച കത്തിനെത്തുടർന്നാണ് നടപടി.6 എം.എൽ.എമാരും 25 എക്സ് ഒഫിഷ്യോ അംഗങ്ങളുമടങ്ങിയ 106 അംഗ സെനറ്റിൽ 4 വിദ്യാർത്ഥികളെ ഗവർണർ നാമനിർദ്ദേശം ചെയ്തത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. മൂന്നു വീതം അദ്ധ്യാപകരുടെയും ഡീൻമാരുടെയും ഒഴിവുണ്ട്. ശേഷിക്കുന്ന അംഗങ്ങളുടെ യോഗം ചേർന്നാവും സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കുക. മുൻപ് നാലു വട്ടം ഗവർണർ നിർദ്ദേശിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. സെനറ്റ് പ്രതിനിധിയില്ലാതെ ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി ഹൈക്കോടതി തടഞ്ഞിരുന്നു.

യു.ജി.സി റഗുലേഷനനുസരിച്ച് വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി നിർബന്ധമായിരിക്കണം. വാഴ്സിറ്റി നിയമപ്രകാരം സെനറ്റ്, ചാൻസലർ, യു.ജി.സി പ്രതിനിധികളാണ് സെർച്ച് കമ്മിറ്റിയിലുണ്ടാവേണ്ടത്. അംഗങ്ങൾക്ക് മൂന്നു മുതൽ അഞ്ച് വരെ പേരെ തിരഞ്ഞെടുക്കാം. ഇതിലൊരാളെ ഗവർണർക്ക് നിയമിക്കാം. തൃപ്തികരമല്ലെങ്കിൽ പാനൽ തിരിച്ചയയ്ക്കാം, വേറെ പാനൽ ആവശ്യപ്പെടാം. വി.സി നിയമനത്തിൽ ചാൻസലറാണ് തീരുമാനമെടുക്കേണ്ടതെന്നും അത് അന്തിമമാണെന്നുമാണ് കണ്ണൂർ വി.സി കേസിലെ സുപ്രീംകോടതി ഉത്തരവ്. സെനറ്റ് പ്രതിനിധിയെത്തേടി എല്ലാ വാഴ്സിറ്റികൾക്കും ഗവർണർ കത്തയച്ചിട്ടുണ്ട്.

പ്രതിസന്ധി 9

വാഴ്സിറ്റികളിൽ

കേരള, എം.ജി, കുസാറ്റ്, മലയാളം, കാർഷികം, ഫിഷറീസ്, നിയമം, സാങ്കേതികം, കണ്ണൂർ വാഴ്സിറ്റികളിലാണ് വി.സിമാരില്ലാത്തത്. സെനറ്റ് പ്രതിനിധിയെ നൽകാത്തതാണ് എല്ലായിടത്തും പ്രശ്നം.സെർച്ച് കമ്മിറ്റിയംഗങ്ങളുടെ എണ്ണം കൂട്ടി വി.സി നിയമനങ്ങൾ കൈപ്പിടിയിലാക്കാൻ കൊണ്ടുവന്ന ബിൽ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു.

'ചാൻസലറുടെ നിർദ്ദേശ പ്രകാരമാണ് നടപടികൾക്ക് രജിസ്ട്രാറോട് നിർദ്ദേശിച്ചത്''

-ഡോ.മോഹനൻ കുന്നുമ്മേൽ

വി.സി-ഇൻ ചാർജ്