ശിവഗിരി: ലോകത്തെ സംഘർഷങ്ങൾക്ക് കാരണം മറ്റുള്ളവരെ കൂടെയുള്ളവരായി കാണാതെ അപരന്മാരായി കാണുന്നതാണെന്ന് നാഷണൽ ജുഡിഷ്യൽ അക്കാഡമിയുടെ മുൻ ഡയറക്ടർ ഡോ.ജി മോഹൻ ഗോപാൽ പറഞ്ഞു.
91-ാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശിവഗിരിയിൽ ഗുരുധർമ്മ പ്രചാരണ സഭാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളും ശരിയാണ്. ഒന്ന് ഒന്നിനോട് പൊരുതിയാൽ ഒന്നും ജയിക്കില്ലെന്ന ഗുരുവചനം പാലിച്ചാൽ മതവൈരവും സംഘർഷവും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരുദേവൻ മുന്നോട്ടു വച്ച ഏകലോക സൃഷ്ടിക്കായി നാം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ എന്നിവർ അനുഗ്രഹ പ്രഭാക്ഷണം നടത്തി. സ്വാമി പ്രബോധതീർത്ഥ, പിന്നാക്ക വികസന കോർപ്പറേഷൻ മുൻ ഡയറക്ടർ വി.ആർ. ജോഷി, ഗുരുധർമ്മ പ്രചാരണസഭ ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ, പി.ആർ.ഒ വി.കെ. ബിജു, യുവജന സഭ ചെയർമാൻ രാജേഷ് സഹദേവൻ, ശിവഗിരിമഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, മാതൃസഭ ചെയർ പേഴ്സൺ മണിയമ്മ ഗോപിനാഥൻ, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സഭാ രജിസ്ട്രാർ അഡ്വ.പി.എം. മധു സ്വാഗതവും ജോ. രജിസ്ട്രാർ അജയകുമാർ കണ്ണൂർ നന്ദിയും പറഞ്ഞു.