
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിക്ക് ഇന്ന് 83-ാം പിറന്നാൾ. യാദൃച്ഛികമാണെങ്കിലും കോൺഗ്രസിന് 139 വയസ് തികയുന്ന ദിവസവുമാണിന്ന്. അതുകൊണ്ടുതന്നെ വീടിനുള്ളിലോ പുറത്തോ ലളിതമായി പോലും സ്വന്തം പിറന്നാൾ ആഘോഷിക്കാത്ത ആന്റണിക്ക് ഇത്തവണ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കേണ്ടി വരും.
ദൈനംദിന കാര്യങ്ങളിൽ പാർട്ടിയുടെ ഔദ്യോഗിക ചുമതലകൾ ഇല്ലെങ്കിലും ദേശീയ, സംസ്ഥാന നേതൃത്വവുമായും പാർട്ടിയിലെ മുതിർന്നവർ മുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ വരെയുള്ള എല്ലാവരുമായും അദ്ദേഹം കൃത്യമായി ആശയവിനിമയം നടത്താറുണ്ട്. രാജ്യത്തും കേരളത്തിലുമുണ്ടാകുന്ന രാഷ്ട്രീയ സംഭവവികാസങ്ങളടക്കം സമകാലിക വിഷയങ്ങളും കൃത്യമായി ശ്രദ്ധിക്കും.
കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. ഇപ്പോഴും ഊർജ്ജസ്വലനാണ്. രാവിലെ അഞ്ചരയോടെ എഴുന്നേൽക്കും. വീടിന്റെ പരിസരത്ത് അല്പം നടക്കും. വിശദമായ പത്രവായന. എട്ടിന് പ്രഭാതഭക്ഷണം. രാവിലെ രണ്ട് ഇഡ്ഡലിയും ഒരു മുട്ടയും ചെറുപഴവും. ഉച്ചയ്ക്ക് മീൻകറിയും കുറച്ച് പച്ചക്കറിയും കൂട്ടി ഒരു പിടി ചോറ്.
വൈകിട്ട് 5.30 മുതൽ ഏഴരവരെ നിർബന്ധമായും കെ.പി.സി.സിയിൽ എത്തി തന്നെ സന്ദർശിക്കാൻ എത്തുന്നവരുമായി വിശേഷങ്ങൾ പങ്കിടും. കൂടുതൽ ആളുകളുണ്ടെങ്കിൽ സമയം വീണ്ടും നീളും. വൈകിട്ട് ഒരു ചപ്പാത്തിയും വെജിറ്റബിൾ കറിയും. രാത്രി പത്തോടെ ഉറക്കം.
വീട്ടിലിരിക്കുന്ന സമയം ചിലപ്പോൾ ടി.വി കാണും. പുസ്തകങ്ങൾ വായിക്കും. വാർത്തയും വാർത്താധിഷ്ഠിത പരിപാടികളും വല്ലപ്പോഴും സിനിമയും കാണും. നോവലുകളും മറ്റ് ഗൗരവതരമായ പുസ്തകങ്ങളും ആത്മകഥയുമടക്കം ഇഷ്ടമുള്ളതെന്തും വായിക്കും. രണ്ടു തവണ കൊവിഡ് രോഗബാധയുണ്ടായി. ആദ്യതവണ കുറച്ച് മോശമായ അവസ്ഥയിലേക്ക് പോയിരുന്നു. നടക്കാൻ കുറച്ച് പ്രയാസമുണ്ടിപ്പോൾ.
''ജന്മദിനങ്ങൾ ആഘോഷിക്കാറില്ല. കെ.പി.സി.സിയിൽ സംഘടിപ്പിച്ചിട്ടുള്ള കോൺഗ്രസിന്റെ സ്ഥാപക ദിനാഘോഷങ്ങളിൽ പങ്കെടുക്കും.
-എ.കെ ആന്റണി