പാലോട്: ജനവാസമേഖലയിൽ വന്യജീവികൾ എത്തിത്തുടങ്ങിയതോടെ ഇവിടുത്തെ ജനങ്ങളുടെ ജീവിതവും ദുരിതത്തിലായി. കാർഷിക വിളകൾക്കും മനുഷ്യർക്കും വന്യജീവി ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകാൻ വനംവകുപ്പ് നടപ്പിലാക്കിയിരുന്ന സുരക്ഷാ നടപടികളും പാളിയതോടെ ജനവാസ മേഖലകളിൽ വന്യജീവിശല്യവും രൂക്ഷമായി. കരടിയും കാട്ടുപന്നികളും കാട്ടാനയും കാട്ടുപോത്തും കൂട്ടത്തോടെ കാടിറങ്ങി കാർഷികവിളകൾ നശിപ്പിക്കുന്നതും കൃഷിക്കാരും തൊഴിലാളികളും ആക്രമണത്തിനിരയാകുന്നതും നിത്യസംഭവമായി. വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയാൻ നേരത്തെ വനംവകുപ്പ് സജ്ജീകരിച്ചിരുന്ന സൗരോർജവേലികളും ആനക്കിടങ്ങുകളുമെല്ലാം ഇപ്പോൾ വെറും കാഴ്ചവസ്തുക്കൾ മാത്രമാണ്. ആക്രമണകാരികളായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷം കൂടി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായിട്ടും നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറു മാസത്തിനിടെ മുന്നൂറോളം കാട്ടുപന്നികളെ വെടിവച്ചു കൊന്നുവെന്നാണ് വനപാലകരുടെ സാക്ഷ്യപ്പെടുത്തൽ. എന്നാൽ, ആക്രമണത്തിൽ പരിക്കേറ്റതും കൃഷിനാശം നേരിട്ടതുമായ കേസുകൾ ഇതിന്റെ പതിന്മടങ്ങാണ്.
ഡി.കെ.മുരളി എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് 15 ലക്ഷം ചെലവഴിച്ച് പാലോട് റേഞ്ചിലെ ദ്രുതകർമ്മ സേനയ്ക്കായി പുതിയ വാഹനം നൽകി.
പൊതുജനങ്ങളുടെയും വനം വകുപ്പ് ജീവനക്കാരുടെയും നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ധനകാര്യ വകുപ്പിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയത്.
ജില്ലയിൽ ആദ്യമായാണ് വന്യമൃഗശല്യം നേരിടുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് വാഹനം ലഭ്യമാക്കുന്നത്
കാട്ടുപോത്ത് ഭീതിയിൽ ജനം
നന്ദിയോട് പഞ്ചായത്തിൽ വലിയ വേങ്കോട്ടുകോണം, ദ്രവ്യംവെട്ടിയമൂല, കാരിവാൻകുന്ന് മേഖലകളിൽ കാട്ടുപോത്തുശല്യം രൂക്ഷമാവുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈ പ്രദേശങ്ങളിൽ പകൽ സമയത്തു പോലും ഒറ്റയായും കൂട്ടമായുമെല്ലാം കാട്ടുപോത്തുകളെത്തുകയാണ്. വാഹന സൗകര്യമൊട്ടും തന്നെയില്ലാത്ത വനമേഖലയിൽ കൂടി വിദ്യാർത്ഥികൾ ഭയപ്പാടോടെ കിലോമീറ്ററുകൾ നടന്നാണ് സ്കൂളുകളിൽ എത്തുന്നത്. പുലർച്ചെ മൂന്ന് മണിയോടെ ടാപ്പിംഗ് ജോലി ആരംഭിച്ചിരുന്ന തൊഴിലാളികളിപ്പോൾ ഏഴു മണിക്ക് ശേഷമാണ് ജോലിക്കിറങ്ങുന്നത്. ഇത് റബർ ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്.
പെരുമ്പാമ്പ് ശല്യം രൂക്ഷം
നന്ദിയോട് പച്ച ജംഗ്ഷനിൽ നിന്നും അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് പെരുമ്പാമ്പിനേയും, മരുതുംമൂട് നിന്ന് ഒരു പെരുമ്പാമ്പിനേയും ചുള്ളിമാനൂർ മരുതുംമൂട് നിന്നു ഒരു പെരുമ്പാമ്പിനേയും പാലോട് ആശുപത്രി പരിസരം എന്നിവിടങ്ങളിൽ നാട്ടുകാർ അറിയിച്ചതനുസരിച്ച് പാലോട് ആർ. ആർ.ടി ടീം പിടികൂടി ഉൾവനത്തിലേക്ക് വിട്ടു.
ജാഗ്രതയില്ലാത്ത "സമിതി "
ജനത്തിനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ ഉത്തരവ് നിലവിലുണ്ട്. എന്നാൽ, കാട്ടുപന്നിശല്യം പതിവായ ഗ്രാമപഞ്ചായത്തുകളിൽ കൃത്യമായ ഇടവേളകളിൽ ജാഗ്രതാസമിതികൾ ചേർന്ന് റിപ്പോർട്ട് സമർപ്പിക്കാത്തതാണ് ഇവയെ കൊല്ലാൻ കഴിയാതെ പോകുന്നതെന്നാണ് ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ ജാഗ്രതാസമിതികൾ യോഗം ചേർന്നാണ് പ്രദേശത്തെ കാട്ടുപന്നി ശല്യം ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് റിപ്പോർട്ട് ചെയ്യേണ്ടത്.
റാപ്പിഡ് റെസ്‌പോൺസ് ടീമും ജൈവവേലിയും
വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ചെറുക്കുന്നതിന് തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷൻ കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ (ആർ.ആർ.ടി) യൂണിറ്റ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വന്യജീവി ആക്രമണം തടയുന്നതിന് 'കെൽപ്പാമു"മായി ചേർന്നു സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച 'ജൈവവേലി"പദ്ധതിയും നീളുകയാണ്. പാലോട് കേന്ദ്രീകരിച്ച് ആർ.ആർ.ടി യൂണിറ്റിന്റെ പ്രവർത്തനം ഭാഗികമായി നടക്കുന്നുണ്ട്.