
തിരുവനന്തപുരം: സംഘർഷം തുടർക്കഥയായ മാനവീയം വീഥിയിൽ ക്രിസ്‌മസ് തലേന്ന് ഒരുകൂട്ടർ പൊലീസുമായി ഏറ്റുമുട്ടി. നൈറ്റ് ലൈഫിനെത്തിയ യുവാക്കൾ ഇതുവഴി പോയ വാഹനങ്ങൾ തടയുകയും പൊലീസിനെ ആക്രമിക്കുകയുമായിരുന്നു.
ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. അക്രമത്തിൽ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മ്യൂസിയം സ്റ്റേഷനിലെ എ.എസ്.ഐ ബിജു, എ.ആർ ക്യാമ്പിലെ സി.പി.ഒ ജിഷാദ് എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ പുനലൂർ സ്വദേശി പാങ്ങോട് താമസിക്കുന്ന ഡാനി(33),പാങ്ങോട് സ്വദേശികളായ എബിൻ(23),സൂരജ്(23) എന്നിവരെ മ്യൂസിയം പൊലീസ് അറസ്റ്റുചെയ്‌തു. കൂടാതെ കണ്ടാലറിയാവുന്ന ഒമ്പതുപേർക്കെതിരെയും കേസെടുത്തു. പൊലീസ് പണിപ്പെട്ടാണ് സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ച സംഘത്തെ പിടികൂടിയത്.
രാത്രി 11ഓടെ മൈക്ക് ഓഫ് ചെയ്‌ത് ആഘോഷങ്ങൾ അവസാനിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചു. ഇതോടെ എല്ലാവരും പിരിഞ്ഞുപോകാൻ തുടങ്ങി. പിന്നാലെ വാഹനങ്ങൾ തടഞ്ഞ ഡാനിയെ പിടിച്ചുമാറ്റാൻ പൊലീസ് ശ്രമിച്ചതോടെ സംഘത്തിലെ മറ്റുള്ളവർ പൊലീസിനെ മർദ്ദിക്കുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ പിന്മാറാൻ തയ്യാറായില്ല. അക്രമിസംഘത്തെ പിടികൂടി പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഒരാൾ ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടിയ പൊലീസ് വാട്ടർ അതോറിട്ടി വളപ്പിൽ നിന്ന് ഇയാളെ പിടികൂടി. അക്രമികൾ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.