മെഡിക്കൽ കോളേജ്: ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട പുത്തൻപാലം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4.15നാണ് സംഭവം. ഉള്ളൂരിലെ മദ്യഷോപ്പിൽ ഉണ്ടായ വാക്കുതർക്കമാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. മദ്യം വാങ്ങിയ ശേഷം മടങ്ങിപ്പോയ യുവാക്കളെ പ്രശാന്ത് നഗർ ജംഗ്ഷന് സമീപം കാറിലെത്തിയ പുത്തൻപാലം രാജേഷിന്റെ അനുയായികൾ ഇരുമ്പു പൈപ്പുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ നൽകിയ മൊഴി. പരിക്കേറ്റ ശ്രീകാര്യം സ്വദേശിയായ സായി പ്രദീപ് (37), ഉള്ളൂർ സ്വദേശികളായ ഉണ്ണികൃഷ്ണൻ (45), സന്തോഷ് (47), സുമേഷ് (49), രാജേഷ് (45) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കാറിന്റെ നമ്പർ പരിശോധിച്ചപ്പോൾ രാജേഷിന്റെ കാറിലാണ് സംഘം എത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാജേഷ്, സഹായി മനു, കണ്ടാൽ തിരിച്ചറിയാവുന്ന മറ്റു നാലു പേർ എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.