pic1

നാഗർകോവിൽ: കേരള - തമിഴ്നാടിൽ സ്ഥിരമായി മോഷണം നടത്തുന്ന രണ്ട് മലയാളികളെ തമിഴ്നാട് പൊലീസ് പിടികൂടി. തന്നിമൂട്, ടി.ഡി.ജെ ഭവൻ സ്വദേശി തങ്കയ്യന്റെ മകൻ ജാസ്മിൻ കുമാർ (40), പെരുമ്പഴുതൂർ, പൊറ്റവിളവീട് സ്വദേശി ശശിയുടെ മകൻ ശ്യാംകുമാർ എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള എസ്.ഐ അരുളപ്പന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ പേരിൽ കന്യാകുമാരി ജില്ലയിൽ 6 കേസുകളും കേരളത്തിൽ പത്തിലേറെ കേസുകളും ഉള്ളതായി ഉദ്യോഗസ്ഥൻ പറഞ്ഞു. അമ്പലങ്ങളിലും, വീടുകളിലുമാണ് പ്രതികൾ കവർച്ച നടത്തുന്നത്. പ്രതികളുടെ പക്കൽനിന്ന് 38 ഗ്രാമിന്റെ സ്വർണവും പിടിച്ചെടുത്തു. പളുകൽ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.