ചാലക്കുടി: ആളൂർ ഉറുമ്പൻകുന്നിൽ കോഴി ഫാമിന്റെ മറവിൽ സൂക്ഷിച്ചിരുന്ന വൻവ്യാജ മദ്യശേഖരം പൊലീസ് പിടികൂടി. ബി.ജെ.പി പ്രദേശിക നേതാവ് അടക്കം രണ്ടുപേർ അറസ്റ്റിൽ. പതിനായിരം ലിറ്റർ മദ്യവും 2500 ലിറ്റർ സ്പിരിറ്റുമാണ് ഇരിങ്ങാടക്കുട, ചാലക്കുടി ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടിച്ചെടുത്തത്.

ആളൂർ മുൻ പഞ്ചായത്ത് അംഗവും ബി.ജെ.പി നേതാവുമായ പീണിക്കപ്പറമ്പൻ ലാലു(53), ഇയാളുടെ സഹായി ഇടുക്കി കട്ടപ്പനയിലെ താണിക്കപ്പാറ വീട്ടിൽ ലോറൻസ് മാത്യു(53) എന്നിവരാണ് അറസ്റ്റിലായത്. ബൈജുവിന്റെ ഉടമസ്ഥസ്തയിലുള്ളതാണ് കോഴി ഫാം. ഇതോടനുബന്ധിച്ചുള്ള വലിയ ഷെഡിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. പ്രത്യേകം കെട്ടിയ ചുവരിന്റെ അടിയിൽ അറ മാതൃകയിലുള്ള ഭാഗത്തായിരുന്നു മദ്യ ശേഖരം.

1200 പെട്ടികളിൽ വച്ചിരുന്ന മദ്യത്തിന് പ്രത്യേകം പേരുകളുമുണ്ടായിരുന്നു. 35 ലിറ്റർ വീതം കൊള്ളുന്ന 64 കന്നാസുകളിൽ സ്പിരിറ്റും കണ്ടെത്തിയിട്ടുണ്ട്. സ്പിരിറ്റ് കണ്ടെത്തിയതിനാൽ വ്യാജ മദ്യനിർമ്മാണം നടക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വലിയ ലോബിയും അണിയറയിലുണ്ടെന്ന് സംശയിക്കുന്നു. മൂന്നുമാസം മുമ്പാണ് ടോറസ് ലോറിയിൽ ഇവിടെ മദ്യം എത്തിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയത്. ക്രിസ്മസ് - പുതുവർഷ വിപണി ലക്ഷ്യമിട്ടായിരുന്നു ഇതെന്നും പ്രതികൾ പറഞ്ഞു.

സമീപകാലത്തെ ജില്ലയിലെ ഏറ്റവും വലിയ വ്യാജമദ്യ വേട്ടയാണ് പൊലീസ് നടത്തിയത്. ജില്ലാ റൂറൽ എസ്.പി നവനീത് ശർമ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു മദ്യവേട്ട. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ടി.കെ. ഷൈജു, ചാലക്കുടി ഡിവൈ.എസ്.പി: ടി.എസ്. സിനോജ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

എസ്.ഐമാരായ അരിറ്റോറിസ്, സി.ഒ. ജോഷി, രാധാകൃഷ്ണൻ, എം. സതീശൻ, കെ.കെ. രഘു, സി.ഒ. ജോബ്, വി.ജി. സ്റ്റീഫൻ, റോയ് പൗലോസ്, എ.എസ്.ഐമാരായ മൂസ, വി.യു. സിൽജോ, സീനിയർ സി.പി.ഒമാരായ ഷിജോ തോമസ്, എ.യു. റെജി, ഹോംഗാ‌ർഡ് ഏല്യാസ് തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്തു.