വടക്കഞ്ചേരി: ദേശീയപാത ചുവട്ടുപാടത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പത്ത് പവനും ഇരുപതിനായിരം രൂപയും കവർന്നു.

ചുവട്ടുപാടം പുതിയിടത്ത് വീട്ടിൽ ജോജി എബ്രഹാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജോജി എബ്രഹാമും കുടുംബവും തിങ്കളാഴ്ച തൃശൂരിലെ ബന്ധുവീട്ടിൽ പോയി ഇന്നലെ പകൽ മൂന്നേ മുക്കാൽ ഓടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കാണുകയായിരുന്നു. അകത്ത് മുറികളിലെല്ലാം സാധനങ്ങളെല്ലാം വാരിവലിച്ചിട്ട് നിലയിലായിരുന്നു. മുകളിലെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. എന്നാൽ ഇവിടെ സൂക്ഷിച്ചിരുന്ന ഫാൻസി ആഭരണങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല.
ആലത്തൂർ ഡിവൈ.എസ്.പി ആർ.അശോകൻ, എസ്.ഐമാരായ ജിഷ്‌മോൻ വർഗീസ്, പി.ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആറുമാസത്തിനിടെ പത്തിലധികം മോഷണങ്ങളാണ് വടക്കഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. കഴിഞ്ഞ വർഷമാണ് അയൽവാസിയും ഇവരുടെ ബന്ധവുമായ സാം പി.ജോണിനെ കെട്ടിയിട്ട് 40 പവനോളം സ്വർണം കവർന്നത്. ഇതിലെ പ്രതികളെല്ലാം തന്നെ പിടികൂടിയിരുന്നു. ദേശീയപാതയോരത്ത് മോഷണങ്ങൾ വർദ്ധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. എന്നാൽ വീട് പൂട്ടി ദൂരെ യാത്ര പോകുന്നവർ പൊലീസിന്റെ പോൾ ആപ്പിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ഡിവൈ.എസ്.പി ആർ.അശോകൻ പറഞ്ഞു.