
തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്തതിന് മാദ്ധ്യമപ്രവർത്തകർക്കെതിരെ പൊലീസ് പകവീട്ടുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
ഡി.ജി.പിയുടെ ഔദ്യോഗിക വസതിയിൽ മഹിളാമോർച്ച നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകർക്ക് നോട്ടീസ് അയച്ചത് ജനാധിപത്യവിരുദ്ധവും മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമവുമാണ്. ജനം ടി.വി റിപ്പോർട്ടർ രശ്മി കാർത്തിക, ക്യാമറമാൻ നിഥിൻ എബി, ജന്മഭൂമി ഫോട്ടോഗ്രാഫർ അനിൽ ഗോപി എന്നിവർക്ക് മ്യൂസിയം പൊലീസ് നോട്ടീസ് നൽകിയത് എന്തിനാണെന്ന് മനസിലാവുന്നില്ല.
വാർത്തകൾക്ക് പിന്നാലെ പോകുന്ന മാദ്ധ്യമപ്രവർത്തകരെ കേസെടുത്ത് ഇല്ലാതാക്കാമെന്ന് വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്കെതിരെയും കേസെടുത്തത് സർക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ തെളിവാണെന്നും സുരേന്ദ്രൻ പറഞ്ഞു.