jds

തിരുവനന്തപുരം: ദേവഗൗഡ അദ്ധ്യക്ഷനായ ജെ.ഡി.എസ് ദേശീയ നേതൃത്വവുമായുള്ള

ബന്ധം പൂർണ്ണമായും വിച്ഛേദിക്കാൻ മാത്യു ടി. തോമസ് അദ്ധ്യക്ഷനായുള്ള പാർട്ടി

കേരള ഘടകം തീരുമാനിച്ചു. സി.കെ. നാണു വിഭാഗത്തോടും സഹകരിക്കില്ല. 'കേരള ജനതാദൾ" എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച് പ്രത്യേക വിഭാഗമായി നിലകൊള്ളും.

പാർട്ടി ചിഹ്നവും കൊടിയും സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ല. ഇതിനു പുറമേ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പദവി ജോസ് തെറ്റയിൽ ഉപേക്ഷിച്ചു. ഇന്നലെ തലസ്ഥാനത്ത് വിളിച്ചു ചേർത്ത സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം. ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ചെങ്കിലും സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്നും മാത്യു ടി. തോമസ് രാജി

വച്ചിട്ടില്ല. ദേശീയ തലത്തിൽ ദേവഗൗഡയുടെ നേതൃത്വത്തെ അംഗീകരിക്കാത്തതിനാലാണ് ദേശീയ ജനറൽ സെക്രട്ടറി പദവി ഉപേക്ഷിക്കാനുള്ള തീരുമാനം ജോസ് തെറ്റയിൽ സ്വീകരിച്ചത്.

ദേവഗൗഡയെ ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കി സി.കെ. നാണുവിനെ അദ്ധ്യക്ഷനാക്കിയ തീരുമാനം അറിയിച്ച് സി.കെ. നാണു വിഭാഗം എൽ.ഡി.എഫ് കൺവീനർക്ക് കത്ത് നൽകിയിരുന്നു. എൻ.ഡി.എ വിരുദ്ധ നിലപാട് കടുപ്പിച്ച് നാണുരംഗത്ത് വന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗൗഡ സന്ദർശിച്ച രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം സ്വീകരിച്ചതുമാണ് സംസ്ഥാന ഘടകത്തെ പ്രതിസന്ധിയിലാക്കിയത്.

സി.കെ. നാണുവിനൊപ്പം

നിൽക്കണം: നീലൻ

പാർട്ടിയുടെ ഏക ഉപാദ്ധ്യക്ഷനായ സി.കെ. നാണുവിന് ഒപ്പം നിൽക്കണമെന്ന്

ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന എ. നീലലോഹിത ദാസൻ നാടാർ യോഗത്തിൽ ആവശ്യപ്പെട്ടു. നാണു നേതൃത്വം നൽകുന്ന കേന്ദ്രക്കമ്മിറ്റിയുടെ ഭാഗമാവണമെന്നും, ദേശീയ പാർട്ടിയിൽ നിന്ന് സംസ്ഥാന പാർട്ടിയിലേക്ക് പോകരുതെന്നും അദ്ദേഹം പറഞ്ഞു.