kerala-uni

തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റിലേക്കുള്ള ചാൻസലറുടെ നാമനിർദ്ദേശത്തിനായി വൈസ്ചാൻസലർ ഗവർണർക്ക് കൈമാറിയത് 51 പേർക്കുള്ള ശുപാർശകളാണ്. മന്ത്രി ആർ.ബിന്ദു, ചില സംഘടനകൾ, വിദ്യാർത്ഥികൾ എന്നിവർ കൈമാറിയ പട്ടികയിലുള്ള പേരുകളാണിവ. ഇതിലൊന്നുപേലും ഗവർണർ അംഗീകരിച്ചില്ല. വിദ്യാർത്ഥി പ്രതിനിധികളുടെ പേരുകൾ സർവകലാശാല ഗവർണർക്ക് കൈമാറിയിരുന്നില്ല. ഗവർണർ സ്വന്തം നിലയിൽ 4 വിദ്യാർത്ഥികളെ നാമനിർദ്ദേശം ചെയ്തതിനെതിരേ മറ്റ് നാല് വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. ഇന്ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ചയാവും.

30 ഒന്നാം റാങ്കുകാരും 40 കലാ, കായിക താരങ്ങളുമുള്ളതിൽ 8 പേരെയാണ് രജിസ്ട്രാർ സെനറ്റ് നാമനിർദ്ദേശത്തിനായി വി.സിക്ക് ശുപാർശ ചെയ്തത്. ഇവരെ കണ്ടെത്തിയതെങ്ങനെയെന്ന് അറിയിക്കാൻ വി.സി രജിസ്ട്രാർക്കുള്ള ഫയലിലെഴുതി. പക്ഷേ, പിന്നീട് വി.സിയുമായി ചർച്ചയോ നടപടികളോ ഉണ്ടായില്ല. വാഴ്സിറ്റിയുടെ പാനൽ വി.സി ഗവർണർക്ക് അയച്ചതുമില്ല. ഹൈക്കോടതിയിൽ കേസിനു പോയ കുട്ടികളുടെ പേര് വാഴ്സിറ്റി ഗവർണർക്ക് ശുപാർശ ചെയ്തിരുന്നില്ല. എന്നാൽ ഇവരെ ശുപാർശ ചെയ്തെന്ന് തെറ്റായ വിവരാവകാശ മറുപടി വാഴ്സിറ്റി നൽകിയതായി സൂചനയുണ്ട്.

വി.സി നിർദ്ദേശിച്ചിട്ടും വാഴ്സിറ്റി കവാടത്തിൽ ഗവർണർക്കെതിരായി സ്ഥാപിച്ച ബാനർ നീക്കാത്തതും സിൻഡിക്കേറ്റ് യോഗത്തിൽ അജൻഡയാണ്. വിദ്യാർത്ഥികൾ കൂട്ടമായി നിൽക്കുന്നതിനാൽ ക്രമസമാധാന പ്രശ്നമുണ്ടാവുമെന്ന് സെക്യൂരിറ്റി ഓഫീസർ അറിയിച്ചതിനാലാണ് ബാനർ നീക്കാത്തതെന്നാണ് രജിസ്ട്രാറുടെ വിശദീകരണം. എന്നാൽ ഇക്കാര്യം പൊലീസിനെ അറിയിച്ചതുമില്ല.