
തിരുവനന്തപുരം: ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് എക്കാലവും ശക്തമായ പിന്തുണ നൽകി തലയെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കമ്മ്യൂണിസ്റ്റായിരുന്നു കാനം രാജേന്ദ്രനെന്ന് സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു പറഞ്ഞു. ജോയിന്റ് കൗൺസിൽ സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാനത്തിന്റെ വേർപാട് സൃഷ്ടിച്ച ശൂന്യത അടുത്ത കാലത്തൊന്നും നികത്താൻ കഴിയുന്നതല്ല. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്
ഇടതുപക്ഷ വ്യതിയാനം സംഭവിച്ച ഘട്ടങ്ങളിലെല്ലാം സർക്കാരിന് ഒരു കോട്ടവും വരുത്താതെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഊന്നി നിന്ന് അത് തിരുത്തിക്കുന്നതിനും നേർവഴിക്ക് നടത്തുന്നതിനും അതിശക്തമായ ഇടപെടൽ നടത്തിയ നേതാവായിരുന്നു കാനം. അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിന് ആരുടെയും മുന്നിൽ തല കുനിക്കേണ്ടതില്ലെന്ന് ജീവനക്കാരെ പഠിപ്പിച്ചത് കാനമാണെന്നും അദ്ദേഹം പറഞ്ഞു.
ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ്ഖാൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജയച്ചന്ദ്രൻ കല്ലിംഗൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ
ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എ.ഐ.എസ്.ജി.ഇ.സി ദേശീയ ജനറൽ സെക്രട്ടറി സി.ആർ.ജോസ്കാ പ്രകാശ്, എൻ.അനന്തകൃഷ്ണൻ, കെ.പി.ഗോപകുമാർ എന്നിവരും സംസാരിച്ചു.