
തിരുവനന്തപുരം: നിരീക്ഷ സ്ത്രീ നാടകവേദി സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ സ്ത്രീ നാടകോത്സവത്തിന് തുടക്കമായി. ഇന്നലെ തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ശ്രീലങ്കൻ നാടകപ്രവർത്തക റുവാന്തി ഡെ ചിക്കേര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചിത്തിര രാമചന്ദ്രന്റെ വയലിൽ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ റുവാന്തിയും നാടകപ്രവർത്തകരും ക്യാൻവാസിൽ ചിത്രം വരച്ചായിരുന്നു ഉദ്ഘാടനം. നിരീക്ഷ പ്രസിഡന്റ് രാജരാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരി അനുപമ രാമചന്ദ്രൻ, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടർ എസ്. ഹരികിഷോർ, വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ.എസ്. ബിന്ദു, എസ്.കെ. മിനി, കെ.ബി. വത്സലകുമാരി, ദൃശ്യകലാ വേദി മുംബയ് പ്രതിനിധി പ്രിയാ വർഗീസ്, വത്സൻ, കെ.എം.സീന, റോബിൻ സേവിയർ തുടങ്ങിയവർ പങ്കെടുത്തു. ദെബിനാ രക്ഷിത്തിന്റെ 'ദി കേജ്' എന്ന നാടകം പ്രദർശിപ്പിച്ചു. വലിയതുറയിലെ മുക്കുവ സ്ത്രീകളുടെ കഥ പറയുന്ന ‘ഇത് എങ്കളെ കടൽ’ എന്ന തെരുവ് നാടകം ശ്രദ്ധപിടിച്ചുപറ്റി. നാടകോത്സവത്തിന്റെ ഫ്ലാഗ് ഓഫ് പാളയം കണ്ണിമേറ മാർക്കറ്റിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. നഗരസഭാ കൗൺസിലർ രാഖി രവികുമാർ, നിരീക്ഷയുടെ പ്രവർത്തകരായ സുധി ദേവയാനി, സോയ തോമസ്, രംഗപ്രഭാത് പ്രസിഡന്റ് കെ.എസ്. ഗീത തുടങ്ങിയവർ പങ്കെടുത്തു. ഭാരത് ഭവൻ, സ്വാതി തിരുനാൾ സംഗീത കോളേജ് എന്നിവിടങ്ങളിലായി പതിനൊന്ന് നാടകങ്ങൾ അവതരിപ്പിക്കും.