
വിഴിഞ്ഞം: പാച്ചല്ലൂർ വണ്ടിത്തടത്ത് യുവതി തൂങ്ങിമരിച്ചത് ഭർത്തൃവീട്ടുകാരുടെ ശാരീരികവും മാനസികവുമായ പീഡനം കാരണമെന്ന് ബന്ധുക്കൾ. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻവീട് ഷഹ്‌ന മൻസിലിൽ ഷാജഹാന്റെയും സുൽഫത്തിന്റെയും മകൾ ഷഹ്‌നയെ (23) ചൊവ്വാഴ്ച വൈകിട്ടാണ് സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്തൃവീട്ടുകാർ പരോക്ഷമായി സ്ത്രീധനവിഷയം ഉൾപ്പെടെ സൂചിപ്പിച്ച് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഭർത്താവുമായി അകന്ന യുവതി കഴിഞ്ഞ മൂന്നുമാസമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. കാട്ടാക്കട സ്വദേശിയുമായി
മൂന്നുവർഷം മുമ്പാണ് ഷഹ്‌നയുടെ വിവാഹം നടന്നത്. ഇവർക്ക് രണ്ട് വയസുള്ള കുഞ്ഞുണ്ട്. മൂന്നുമാസം മുമ്പ് ഭർത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവെ ഇയാളുടെ മാതാവ് യുവതിയെ ക്രൂരമായി മർദ്ദിച്ചെന്നും കാലിൽ കടിച്ച് പരിക്കേല്പിക്കുകയും മുഖത്തും ചുണ്ടിലും അടിച്ച് മുറിവുണ്ടാക്കിയെന്നും ബന്ധുക്കൾ പറഞ്ഞു.
ഈ സംഭവത്തിന് ശേഷമാണ് യുവതിയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് വന്നത്. നിസാര കാര്യങ്ങൾക്കുപോലും ഭർത്താവും മാതാവും മർദ്ദിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച വീട്ടിലെ ചടങ്ങിന് കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയെങ്കിലും യുവതി പോയില്ല. തുടർന്ന് കുഞ്ഞിനെയെടുത്ത് ഭർത്താവ് പോയതോടെ യുവതി മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവമറിഞ്ഞതോടെ ഭർത്താവിന്റെ വീട്ടുകാർ ഇന്നലെ രാത്രിയോടെ കുഞ്ഞിനെ തിരുവല്ലം സ്റ്റേഷനിലെത്തിച്ച് യുവതിയുടെ വീട്ടുകാർക്ക് കൈമാറുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ കബറടക്കി. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്നും ഇവർ ഇപ്പോൾ ഒളിവിലാണെന്നും തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ പറഞ്ഞു.
ഫോർട്ട് സ്റ്റേഷൻ ഉപരോധിച്ചു
യുവതിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ഇന്നലെ അരമണിക്കൂറോളം ഫോർട്ട് സ്റ്റേഷൻ ഉപരോധിച്ചു. ആത്മഹത്യയ്ക്ക് കാരണക്കാരായ ഭർത്താവിനെയും മാതാവിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഭർത്താവിനും വീട്ടുകാർക്കുമെതിരെ നടപടി സ്വീകരിക്കാമെന്നും നിയമസഹായം നൽകാമെന്നും ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്.ഷാജിയുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ തിരുവല്ലം എസ്.എച്ച് ഒ ഉൾപ്പെട്ട പ്രത്യേക സംഘം കേസ് അന്വേഷിക്കും.