തിരുവനന്തപുരം: കേവലം 36 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ സ്വന്തം അമ്മ തന്നെ കിണറ്റിലിട്ട് കൊലപ്പെടുത്തിയതിന് സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെ ഞെട്ടലിലാണ് പോത്തൻകോട്ടെ മഞ്ഞമല. മനുഷ്യ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഈ ദാരുണ സംഭവം ഉൾക്കൊള്ളാൻ ഇവിടുത്തുകാർക്ക് ഇപ്പോഴും സാധിച്ചിട്ടില്ല.

അതിരാവിലെ തന്നെ കുഞ്ഞിന്റെ കൊലപാതക വാർത്ത പ്രദേശമൊട്ടാകെ പരന്നിരുന്നു. ഇതോടെ 36 ഏക്കറിൽ കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ സ്ഥിതിചെയ്യുന്ന ഷീറ്റുമേഞ്ഞ കൊച്ചുവീട്ടിലേക്ക് പ്രദേശവാസികൾ ഒഴുകിയെത്തി.

സ്വന്തം കുഞ്ഞിനെ അമ്മ തന്നെ എന്തിന് കൊലപ്പെടുത്തിയെന്ന ചോദ്യത്തിന് മുൻപിൽ നാട്ടുകാരും പകച്ചുനിൽക്കുന്നു. കൃത്യമായൊരു മറുപടി നൽകാൻ ഇവർക്കും സാധിക്കുന്നില്ല. തങ്ങളോട് വലിയ അടുപ്പം കാണിക്കാത്തതിനാൽ തിരിച്ച് നാട്ടുകാരും ഈ കുടുംബവുമായി ബന്ധം പുലർത്തിയിരുന്നില്ല. കുഞ്ഞിന്റെ അമ്മ സുരിതയ്ക്ക് മാനസികപ്രശ്നമുള്ളതിനെക്കുറിച്ച് നാട്ടുകാർക്കും അറിവുണ്ടായിരുന്നു. അതിനാൽ മാനസികപ്രശ്നമായിരിക്കാം കൃത്യം നടത്തിയതിനു പിന്നിലെന്ന് നാട്ടുകാർ പറയുന്നു.

പ്രദേശത്തെ സ്ഥിരതാമസക്കാരാണെങ്കിലും നാട്ടുകാരുമായി കുഞ്ഞിന്റെ കുടുംബം വലിയ തോതിൽ ഇടപഴകിയിരുന്നില്ല. സുരിതയുടെ അച്ഛനായ സുധാകരൻ പൊതുപ്രവർത്തകനായിരുന്നതിനാൽ ഇയാൾ മാത്രമാണ് പ്രദേശവാസികളുമായി പ്രധാനമായി ഇടപഴകിയിരുന്നത്. സ്കിൽഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മംഗലപുരം ഏരിയാ സെക്രട്ടറിയാണ് സുധാകരൻ. വീടായിരുന്നു സുധാകരന്റെ ഭാര്യ ഗിരിജയുടെയും രണ്ട് പെൺമക്കളുടെയും ലോകം.

എന്തുകൊണ്ട് ചെയ്തു എന്നറിയില്ല

സുരിതയ്ക്ക് വിവാഹത്തിനു മുൻപ് തന്നെ ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് അച്ഛൻ സുധാകരൻ പറയുന്നു. പലപ്പോഴും രാത്രി കാലങ്ങളിൽ വീട്ടിൽനിന്ന് പുറത്തേക്കിറങ്ങി ഓടുമായിരുന്നു. വിവാഹത്തിനുശേഷവും മാനസികപ്രശ്നം തുടർന്നതോടെ ഭർത്താവിന്റെ നേതൃത്വത്തിൽ കൊണ്ടുപോയി ചികിത്സ നടത്തിയിരുന്നു. എന്നാൽ പൂർണമായി ഭേദമായില്ല. അതേസമയം മാനസികപ്രശ്നം കാരണമാണോ മകൾ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കൃത്യമായി അറിയില്ലെന്ന് സുധാകരൻ പറയുന്നു. കുഞ്ഞിനെ കാണാതായശേഷം തിരച്ചിലിനായി എല്ലാവർക്കുമൊപ്പം മകൾ ഉണ്ടായിരുന്നു. മാനസികപ്രശ്നം കാരണമാണ് കൊലപ്പെടുത്തിയതെങ്കിൽ അങ്ങനെ ചെയ്യുമോയെന്നും സുധാകരൻ ചോദിക്കുന്നു.

എന്തു ചെയ്യണമെന്നറിയാതെ പ്രതിയുടെ അമ്മ

മകൾ സ്വന്തം കുഞ്ഞിനോട് നടത്തിയ ക്രൂരകൃത്യം ഉൾക്കൊള്ളാനാകാതെ തകർന്നനിലയിലാണ് പ്രതിയായ സുരിതയുടെ അമ്മ ഗിരിജ. എന്തിനാണ് മകൾ ഇത്തരമൊരു കൃത്യം നടത്തിയതെന്ന് തനിക്കറിയില്ലെന്ന് ഇവർ പറയുന്നു. സംഭവം നടന്നതുതൊട്ട് തകർന്നനിലയിലാണ് ഇവർ.