
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഓഫീസ് സൗകര്യങ്ങളുള്ള കാരവൻ വേണമെന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ. ഇ-ഫയലുകൾ ഇതിലിരുന്ന് നോക്കാം. അത്യാവശ്യം സ്റ്റാഫിനും ഒപ്പം യാത്രചെയ്യാം. വീഡിയോ കോൺഫറൻസ് സൗകര്യമുണ്ടാവണം. ഏതുനേരത്തും തീരുമാനങ്ങളെടുക്കാനുള്ള സംവിധാനമാണ് മുഖ്യമന്ത്രിക്ക് നൽകേണ്ടതെന്നും ഓൺലൈൻ മാദ്ധ്യമത്തോട് എ.ഡി.ജി.പി പറഞ്ഞു.
ചെറിയ സംസ്ഥാനങ്ങളിൽ പോലും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യാത്രയ്ക്ക് ഹെലികോപ്ടറുണ്ട്. പ്രത്യേക വിമാനങ്ങളും ഉപയോഗിക്കുന്നു. ഇവിടെ മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത കോപ്ടർ പൊലീസാണ് ഉപയോഗിക്കുന്നത്.
മുഖ്യമന്ത്രിക്ക് ഭീഷണി ഏതൊക്കെ ഭാഗത്തുനിന്നാണെന്ന് പുറത്തുപറയാനാവില്ല. അനുവദിച്ചാൽ ഇതിലും വലിയ സുരക്ഷ നൽകും. അദ്ദേഹത്തിന് താത്പര്യമില്ലാത്തതിനാലാണ് പരിമിതപ്പെടുത്തിയത്. നവകേരള ബസിനു നേരെ ഷൂസെറിഞ്ഞപോലെ ആർക്കും എറിയാമെന്നായാൽ കല്ലുമാവാം. അപായപ്പെടുത്താനും ശ്രമിച്ചേക്കാം. അതിനാലാണ് പൊലീസിന്റെ സമീപനം മാറ്റിയത്.