തിരുവനന്തപുരം: നാലുദിവസം കൂടി കഴിഞ്ഞാൽ നൂലുകെട്ട് ചടങ്ങ് നടക്കേണ്ടിയിരുന്ന വീട്ടിൽ എന്നെന്നേക്കുമായി നിദ്രയിലാണ് അമ്മയാൽ കൊല്ലപ്പെട്ട പിഞ്ചുകുഞ്ച്. 40 ദിവസം പ്രായമാകാത്തതിനാൽ വീട്ടിനകത്താണ് കുഞ്ഞിനെ അടക്കിയത്.
മൂന്നു കിടപ്പുമുറികളും ഒരു കൊച്ചുഹാളും അടുക്കളയും അടങ്ങുന്നതാണ് വീട്. ഇതിലൊരു കിടപ്പുമുറിയിലാണ് മരത്തിന്റെ പെട്ടിയിലാക്കി കുഞ്ഞിനെ അടക്കിയത്. നൂലുകെട്ട് ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിവരികെയാണ് തികച്ചും അപ്രതീക്ഷിതമായി വീട് മരണവീടായി മാറിയത്. ഇതോടെ ഒരുക്കങ്ങളെല്ലാം ഒഴിവാക്കി. തുടർന്ന് കുഞ്ഞിനെ വീട്ടിനകത്ത് തന്നെ അടക്കാനും തീരുമാനിക്കുകയായിരുന്നു.
വീട്ടിലെ ഒരു മുറിയിൽ പ്രതി സുരിതയും രണ്ടുമക്കളും പ്രതിയുടെ അമ്മയുമാണ് കഴിഞ്ഞിരുന്നത്. മറ്റൊരു മുറിയിൽ സുരിതയുടെ മൂത്തസഹോദരി സുനിതയും മക്കളായ അഭിമൻ, ആദിത്യന്‍ എന്നിവരായിരുന്നു താമസം. ഈ വീട്ടിൽനിന്ന് അൽപ്പമകലെയായി രണ്ടുമുറികളുള്ള മറ്റൊരു വീട്ടിലാണ് അച്ഛൻ സുധാകരന്റെ താമസം.
മകൾ പിരിഞ്ഞുതാമസിക്കുന്നതിനു പിന്നിൽ ഭർത്യവീട്ടുകാർ
ഭർത്താവിന്റെ അമ്മയിൽനിന്നുള്ള പ്രശ്‌നം കാരണമാണ് മകൾ സുരിത പിരിഞ്ഞുതാമസിക്കുന്നതെന്ന് അച്ഛനും അമ്മയും പറയുന്നു. മകൾക്കും മരുമകനും ഇടയിൽ പ്രശ്‌നങ്ങളൊന്നുമില്ല. മരുമകൻ ഇടയ്ക്കിടെ മകളെയും കുട്ടികളെയും കാണാനെത്തും. ചെലവിനുള്ള പണമുൾപ്പെടെ നൽകുമെന്നും ഇവർ പറയുന്നു.
കൊലപാതക വിവരമറിഞ്ഞ് സുരിതയുടെ ഭർത്താവ് സജി വീട്ടിലെത്തി മൂത്തമകനുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി.