
തിരുവനന്തപുരം: സർക്കാരിനെ കൊണ്ട് മാത്രം ആരോഗ്യ മേഖല മെച്ചപ്പെടുത്താനാവില്ലെന്നും സർക്കാർ, സ്വകാര്യ, സഹകരണ സ്ഥാപനങ്ങൾ പൊതുനന്മയ്ക്കായി കൈകോർക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 96ാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.എം.എ പോലുള്ള സംഘടനകൾ പങ്ക് വഹിക്കണം. മെഡിക്കൽ ഗവേഷണവും വ്യവസായവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും. ഇന്ത്യയിൽ ആരോഗ്യരംഗത്ത് കൂടുതൽ ആളോഹരി ചെലവ് നടത്തുന്ന സംസ്ഥാനമാണ് കേരളം. ക്ളിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് നിയമം അനുസരിച്ചുള്ള രോഗി - ഡോക്ടർ അനുപാതം മാറ്റണമെന്ന ആവശ്യം ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐ.എം.എ ദേശീയ പ്രസിഡന്റ് ശരദ് കുമാർ അഗർവാൾ അദ്ധ്യക്ഷത വഹിച്ചു. ഡോ. കേദൻ ദേശായി പുരസ്കാരം ഡോ. എ. മാർത്തണ്ഡപിള്ള, ഡോ. എ.കെ.എൻ. സിൻഹ അവാർഡ് ഡോ. വിനയ് അഗർവാൾ, തരംഗ് അവാർഡുകൾ ഡോ. സഹദുള്ള ഐ, ഡോ. പ്രേം നായർ, ഡോ. ജോൺ പണിക്കർ എന്നിവർക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
ഐ.എം.എ മുൻ ദേശീയ പ്രസിഡന്റ് ഷജാനന്ദ് പ്രസാദ് സിംഗ്, നിയുക്ത പ്രസിഡന്റ് ഡോ. ആർ.വി. അശോകൻ, ഫിനാൻസ് സെക്രട്ടറി ഷിഡ്ജി വാലി, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. സുൾഫി എൻ, സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബനവൻ, സെക്രട്ടറി ഡോ. ശശിധരൻ കെ, തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജി.എസ് വിജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഡോ.ശ്രീജിത് എൻ. കുമാർ സ്വാഗതവും, ഐ.എം.എ ദേശീയ സെക്രട്ടറി ഡോ.അനിൽകുമാർ ജെ.നായിക് നന്ദിയും പറഞ്ഞു.