തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ മാർക്ക് ലിസ്റ്റ് തിരുത്തി ഗസ്റ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടിയതിൽ ഉന്നത തല ഗൂഢാലോചന നടന്നതായി സൂചന. വിജിലൻസ് സംഘം ഇന്നലെയും കുടപ്പനക്കുന്ന് ഓഫീസിലെത്തി രേഖകൾ പരിശോധിച്ചു .സ്ഥാനക്കയറ്റത്തിനായി മാർക്ക് ലിസ്റ്റ് തിരുത്തിയ രമാദേവിയുടെതടക്കം വിശദാംശങ്ങൾ ഓഫീസിലില്ലെന്നാണ് വകുപ്പധികൃതരുടെ ഭാഷ്യം . രേഖകൾ നഷ്ടമായത് അന്വേഷിച്ചില്ല. വ്യാജരേഖയെ കുറിച്ചുള്ള വാർത്തകൾ വന്നതോടെ വകുപ്പിലെ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ രേഖകൾ കാണാനില്ലെന്ന് പേരൂർക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രേഖകളുടെ കസ്റ്റോഡിയൻ കുടപ്പനക്കുന്നിലെ മാനേജ്മെൻറ് ട്രെയിനിംഗ് സെന്ററിലെ ഡെപ്യൂട്ടി ഡയറക്ടറാണ്. .

ആശ്രിത നിയമനം വഴി 1994 ലാണ് രമാദേവി ക്ലറിക്കൽ തസ്തികയിലെത്തിയത്. ജൂനിയർ ഇൻസ്ട്രക്ടറാകാൻ കോഴിക്കുഞ്ഞുങ്ങളുടെ ലിംഗ നിർണ്ണയം നടത്തുന്ന ചിക്സ് സെക്സിംഗ് കോഴ്സിൽ 98 ശതമാനം മാർക്കുവേണമെന്നാണ് നിയമം. 96 ശതമാനം മാർക്ക് മാത്രം ലഭിച്ച രമാദേവി 99 ശതമാനം മാർക്ക് ലഭിച്ചതായി രേഖ ഉണ്ടാക്കിയെന്നാണ് ആരോപണം. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ ഇപ്പോൾ സീനിയർ ഇൻസ്ട്രക്ടറായ രമാദേവിക്കെതിരെ മുൻ ജൂനിയർ ഇൻസ്ട്രക്ടർ നൽകിയ പരാതിയിലാണ് അന്വേഷണം.