കല്ലറ: തിരുവനന്തപുരം - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന തൊളിക്കുഴി-കല്ലറ പൊതുമരാമത്ത് റോഡ് പുനർനിർമ്മിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊളിക്കുഴി കൂട്ടായ്മ. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച റോഡ് പത്ത് വർഷങ്ങൾക്ക് മുൻപാണ് റീടാറിംഗ് ചെയ്തത്. തൊളിക്കുഴി മുതൽ കല്ലറ പള്ളിമുക്ക് വരെ അഞ്ച് കിലോമീറ്ററുള്ള ഈ റോഡിൽ മൂന്ന് പാലങ്ങളുണ്ട്. കൃത്യമായ പരിശോധനയില്ലാത്തതിനാൽ പാലങ്ങളും അപകടാവസ്ഥയിലാണ്. ഓട നിർമ്മാണം നടത്തിയിട്ടില്ലാത്തതിനാൽ റോഡിന്റെ ഇരുവശങ്ങളിലും മഴവെള്ളമൊഴുകി ഗർത്തങ്ങൾ രൂപപ്പെട്ടുകഴിഞ്ഞു. റോഡിന്റെ ശോച്യാവസ്ഥ മൂലം യാത്രക്കാരും ദുരിതത്തിലാണ്. കിളിമാനൂർ,കടയ്ക്കൽ ഭാഗങ്ങളിൽ നിന്ന് കല്ലറയിലെത്താൻ യാത്രക്കാർ കൂടുതലാശ്രയിക്കുന്നത് ഈ റോഡിനെയാണ്. മീൻമുട്ടി,പൊൻമുടി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഈ റോഡിലൂടെ പോവാം. നെടുമങ്ങാട് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയറുടെ പരിധിയിൽ വരുന്ന ഈ റോഡും പാലങ്ങളും ആധുനികരീതിയിൽ പുനർനിർമ്മിക്കുന്നതിനുവേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൂട്ടായ്മ പ്രസിഡന്റ് എ.ആർ.നസീം,ജനറൽ സെക്രട്ടറി എം.തമിമുദ്ദീൻ,​എ.അനസ്,ഫെൽസക്.എ, മുഹമ്മദ്‌ റിയാസ് എന്നിവർ ആവശ്യപ്പെട്ടു.