d

നിഷ്‌കളങ്കരായ കുരുന്നുകളോട് ക്രൂരത കാട്ടുന്നവർ ഒരു മാപ്പും എവിടെയും അർഹിക്കുന്നില്ല. വൈഗ എന്ന പത്തുവയസ്സുകാരിയെ കൊലപ്പെടുത്തിയ അച്ഛൻ സനു മോഹന് ജീവപര്യന്തവും 28 വർഷം കഠിനതടവുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഈ വിധി പ്രതി അർഹിക്കുന്നതാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല.

ആലപ്പുഴ തൃക്കുന്നപ്പുഴ കൈതക്കാട്ട് സിനു ഭവനിൽ സനുവിന്റെ മകൾ വൈഗയെ 2021 മാർച്ച് 22നാണ് മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിലെ അമ്മവീട്ടിൽ നിന്ന് വൈഗയെ എറണാകുളത്തെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്ന സനു, സോഫ്‌റ്റ് ഡ്രിങ്കിൽ മദ്യം ചേർത്തു നൽകി അബോധാവസ്ഥയിലാക്കി, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മുട്ടാർ പുഴയിൽ എറിഞ്ഞശേഷം ഒളിവിൽ പോയ സനുവിനെ 28 ദിവസങ്ങൾ കഴിഞ്ഞ് കർണാടകയിൽ നിന്നാണ് അറസ്റ്റുചെയ്തത്.

ധൂർത്തു കാരണമാണ് സനു മോഹൻ കടക്കെണിയിലായത്. തുടർന്ന് ഒളിച്ചോടാൻ തീരുമാനിച്ച ഇയാൾ മകളെ കൊല്ലാനെടുത്ത തീരുമാനം വികൃതമായ മാനസിക നിലയാണ് വെളിപ്പെടുത്തുന്നത്. കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ രക്ഷിതാക്കൾ മക്കളെ കൊല്ലാറുണ്ടോ എന്നാണ് വിചാരണക്കോടതി പ്രതിയോടു ചോദിച്ചത്. സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷനും പൊലീസിനും കഴിഞ്ഞു. കേസ് അന്വേഷിച്ച പൊലീസ് സംഘവും പിഴവുകൾ വരാതെ കേസ് വാദിച്ച പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷകരും അഭിനന്ദനം അർഹിക്കുന്നു.

തൃക്കാക്കര സി.ഐ ധനപാലനാണ് 240 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനായി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു, അഡ്വ. സരുൺ മങ്കര എന്നിവർ ഹാജരായി. ശാസ്‌ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിലും അത് സംശയരഹിതമായി കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിലും വീഴ്‌ച സംഭവിച്ചിരുന്നെങ്കിൽ ഈ കേസും വണ്ടിപ്പെരിയാറിലെ കേസുപോലെ ഇരയ്ക്ക് നീതി കിട്ടാതെ അവസാനിക്കുമായിരുന്നു. വണ്ടിപ്പെരിയാറിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അർജ്ജുൻ കുറ്റം ചെയ്തെന്ന് പൊലീസിന് തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് പോക്‌സോ കോടതി പ്രതിയെ വെറുതേവിട്ടത്. ഈ ശിക്ഷാവിധിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങൾ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉണ്ടായിരുന്നു.

കുട്ടികൾ ക്രൂരതയ്ക്കിരയാകുന്ന ഒരു സംഭവവും അന്വേഷണോദ്യോഗസ്ഥർ ലഘുവായി കാണരുത് എന്നത് പഠിപ്പിക്കുന്നതു കൂടിയായിരുന്നു വണ്ടിപ്പെരിയാർ കേസ്. ഈ സാഹചര്യത്തിൽ മകളെ കൊന്ന അച്ഛന് ലഭിച്ച ശിക്ഷയുടെ പ്രസക്തിയേറെയാണ്. നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് വൈഗ കേസിൽ എറണാകുളം സ്പെഷ്യൽ കോടതി ജഡ്‌ജി സോമന്റെ വിധി.

പല പാശ്ചാത്യ രാജ്യങ്ങളിലും കുട്ടികളെ സംരക്ഷിക്കാൻ ശക്തമായ നിയമ സംവിധാനങ്ങൾക്കൊപ്പം അത് ഉറപ്പാക്കാൻ ഗവൺമെന്റും സദാ ജാഗരൂകമാണ്. മാതാപിതാക്കളെ കൊലപ്പെടുത്തുന്ന മക്കളുടെ കേസുകളും അടുത്തകാലത്തായി ആവർത്തിക്കുന്നത് വലിയ ആശങ്കയാണ് ഉണർത്തുന്നത്. സ്‌ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും കൂടുന്നു. ചെറുതായി തുടങ്ങുന്ന പൊട്ടിത്തെറികളും കുറ്റകൃത്യങ്ങളും മറച്ചുവയ്ക്കാൻ ബന്ധുക്കൾ തന്നെ ശ്രമിക്കുന്നതാണ് പിന്നീട് ഇത്തരം ദുരന്തങ്ങൾക്ക് ഇടയാക്കുന്നത്. ഇതിൽ നിന്ന് ഒരു മാറ്റം ആവശ്യമാണ്. ഉത്തരവാദപ്പെട്ടവരുടെ ഇടപെടൽ തക്കസമയത്ത് ഉണ്ടായാൽ ഇത്തരം പല അനിഷ്ടസംഭവങ്ങളും തടയാനാകും. അതോടൊപ്പം കുടുംബസദസ്സുകൾ സംഘടിപ്പിച്ചുള്ള ബോധവത്‌കരണത്തിനു പുറമേ, കൗൺസലിംഗ് ആവശ്യമുള്ളവർക്ക് അതു നൽകാനുള്ള സംവിധാനങ്ങൾ സാമൂഹ്യനീതി വകുപ്പ് കൂടുതൽ വിപുലപ്പെടുത്തേണ്ടതുമുണ്ട്.