car

സഞ്ചരിക്കുന്ന ഓഫീസ് എന്നത് വിദേശരാജ്യങ്ങളിൽ സർവസാധാരണമാണ്. ഇന്ത്യയിലും വൻ ബിസിനസുകാർക്കും വ്യവസായികൾക്കുമൊക്കെ സഞ്ചരിക്കുന്ന ഓഫീസുകളായി ആഡംബര കാരവാനുകളുണ്ട്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും സമാനമായ ഒരു കാരവാൻ വാങ്ങാനുള്ള ആലോചന തകൃതിയാണിപ്പോൾ. മുഖ്യമന്ത്രിക്ക് സഞ്ചരിക്കുന്ന ഓഫീസ് സൗകര്യങ്ങളുള്ള കാരവാൻ വേണമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാറാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ഒരു കോടിയിലേറെ രൂപ ചെലവിട്ട് ആഡംബര ബസ് വാങ്ങിയതിന് പിന്നാലെയാണ് കാരവാനും വാങ്ങാനുള്ള നീക്കം.

നവകേരള ബസിന്റെ മാതൃകയിൽ സഞ്ചരിക്കുന്ന ഓഫീസ് ആണ് ഇനിയങ്ങോട്ട് കേരള മുഖ്യമന്ത്രിക്ക് വേണ്ടതെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇ-ഫയലുകൾ ഇതിലിരുന്ന് നോക്കാം. അത്യാവശ്യം സ്റ്റാഫിനും ഒപ്പം യാത്രചെയ്യാം. വീഡിയോ കോൺഫറൻസ് സൗകര്യമുണ്ടാവണം. ഒരിടത്തിരുന്ന് ജോലി ചെയ്യുന്ന കാലം കഴിഞ്ഞു. കൊവിഡിന് ശേഷം സർക്കാർ ഫയലുകളെല്ലാം ഇ-ഫയലായി. അപ്പോൾ എവിടെയിരുന്നും നോക്കാവുന്ന സാഹചര്യമായി. മുഖ്യമന്ത്രിയെപ്പോലെ തിരക്കുള്ളയാൾ സെക്രട്ടേറിയറ്റിലിരുന്ന് മാത്രം ജോലി ചെയ്യണമെന്ന് പറയുന്നത് യുക്തിരഹിതമാണ്. മുഖ്യമന്ത്രിക്ക് പോവേണ്ടിടത്തെല്ലാം പോവണം. അതിനിടയിൽ ഓഫീസ് ഫയൽ നോക്കാം. അതിന് പാകത്തിലുള്ള സഞ്ചരിക്കുന്ന ഓഫീസാണ് വേണ്ടത്. ഇത്തരം സൗകര്യം ആവശ്യമുള്ളയാളാണ് മുഖ്യമന്ത്രി. ഏതുനേരത്തും തീരുമാനങ്ങളെടുക്കാനുള്ള സംവിധാനമാണ് അദ്ദേഹത്തിന് നൽകേണ്ടതെന്ന് ഒരു അഭിമുഖത്തിൽ എ.ഡി.ജി.പി വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് സിനിമാതാരങ്ങളെപ്പോലെ ആർഭാട കാരവാനല്ല വേണ്ടത്. ബെൻസിന്റെയും മറ്റും ചെറിയ കാരവാനുണ്ട്. ചെറിയ കുടുംബത്തിന് താമസിക്കാനാവുന്ന ആർഭാടമില്ലാത്ത കാരവാനുകളുണ്ട്. അത്തരം വാഹനമാണ് പൊലീസ് നിർദ്ദേശിക്കുന്നത്. ഇക്കാലത്ത് സമയത്തിനാണ് ഏറെ വില. അത് ഒട്ടും പാഴാക്കാത്ത സംവിധാനമാണ് വേണ്ടത്. മുഖ്യമന്ത്രി ഒരാളേയുള്ളൂ. 24മണിക്കൂറും ജോലിചെയ്യുന്ന ആളാണ്. അൽപ്പനേരത്തേക്ക് അദ്ദേഹത്തിന് മാറിനിൽക്കേണ്ടി വന്നാൽ ആ റോൾ ചെയ്യാൻ മറ്റൊരു മുഖ്യമന്ത്രിയില്ല. അദ്ദേഹമെടുക്കേണ്ട തീരുമാനം അദ്ദേഹത്തിനേ എടുക്കാനാവൂ. അതുകൊണ്ട് ഏത് നേരത്തും അതിനു കഴിയുന്ന സംവിധാനമാണ് നമ്മൾ നൽകേണ്ടത്.- കാരവാൻ വാങ്ങാനുള്ള നീക്കത്തെ ന്യായീകരിച്ച് എ.ഡി.ജി.പി അജിത്കുമാർ വാചാലനായി.

മുഖ്യമന്ത്രിക്കായി ഹെലികോപ്ടർ വാടകയ്ക്കെടുത്തതിനെയും എ.ഡി.ജി.പി ന്യായീകരിച്ചു. ഇന്ത്യയിൽ ഏത് മുഖ്യമന്ത്രിയാണ് റോഡിൽ സഞ്ചരിക്കുന്നത്. എല്ലാവരും ഹെലികോപ്റ്ററിലാണ് യാത്ര. ചെറിയ സംസ്ഥാനങ്ങളിൽ പോലും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യാത്രക്ക് ഹെലികോപ്റ്ററുണ്ട്. പലയിടത്തും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേക വിമാനങ്ങൾ പോലും ഉപയോഗിക്കുന്നു. മറ്റ് വിമാനങ്ങളുടെ സമയത്തിന് കാത്തുനിൽക്കാൻ കഴിയില്ല. മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത കോപ്ടർ പൊലീസാണ് ഉപയോഗിക്കുന്നത്. മാവോയിസ്റ്റ് വേട്ടയ്ക്ക് അത്യാവശ്യമാണത്. ഡിജിപി നാല് തവണ അത് ഉപയോഗിച്ചു. ശബരിമലയിൽ നിരീക്ഷണത്തിനുമുപയോഗിക്കുന്നു. മുഖ്യമന്ത്രിക്കുള്ള ഭീഷണി ഏതൊക്കെ ഭാഗത്ത് നിന്നാണെന്ന് പുറത്തുപറയാനാവില്ല. അദ്ദേഹം അനുവദിച്ചാൽ ഇതിലും വലിയ സുരക്ഷ നൽകേണ്ടതാണ്. അദ്ദേഹത്തിന് താത്പര്യമില്ലാത്തതിനാലാണ് പരിമിതപ്പെടുത്തിയത്. നവകേരള ബസിനു നേരെ ഷൂസെറിഞ്ഞതുപോലെ ആർക്കും തടസമില്ലാതെ എറിയാമെന്നായാൽ ഷൂസിന്റെ സ്ഥാനത്ത് കല്ലാവാം. അപായപ്പെടുത്താനും ശ്രമിച്ചേക്കാം. അതിനാലാണ് പൊലീസിന്റെ സമീപനം മാറ്റിയത്- എഡിജിപി പറയുന്നു.

കോടികൾ

മുടക്കണം

അത്യാധുനിക സൗകര്യങ്ങളുള്ള കാരവാൻ സജ്ജമാക്കാൻ കോടികൾ മുടക്കേണ്ടിവരും. ഓഫീസ്, താമസ സൗകര്യങ്ങൾ കാരവാനിൽ വേണ്ടിവരും. കാരവാനായുള്ള ബസിന് 70ലക്ഷം രൂപ വരെയാണ് അടിസ്ഥാന വില. ഇതിൽ മറ്റ് സൗകര്യങ്ങൾ കൂട്ടിച്ചേർക്കുകയാണ് ചെയ്യുക. ഇതിനാണ് ചെലവേറുക. ഓഫീസ്, ടോയ്‌ലറ്റ്, ലിവിംഗ് റൂം, ഭക്ഷണമുണ്ടാക്കാനുള്ള സൗകര്യം, വീഡിയോ കോൺഫറൻസിനടക്കം ആശയവിനിമയ സൗകര്യം, എ.സി, ഇന്റർനെറ്റ് സൗകര്യം,ചാർജിംഗ് പോയിന്റുകൾ, ജി.പി.എസ്, സോഫാ കം ബെഡ് എന്നിവയെല്ലാം സജ്ജമാക്കുമ്പോൾ ചെലവ് കോടികൾ കടക്കും. 100ദിവസമെങ്കിലും വേണം കാരവാൻ സജ്ജമാക്കിയെടുക്കാൻ. ഭാരത് ബെൻസിന്റെ ബസുകളാണ് കൂടുതലും കാരവാനായി ഉപയോഗിക്കുന്നത്. കാരവാൻ ടൂറിസം പദ്ധതി കേരളത്തിൽ നടപ്പാക്കാനൊരുങ്ങിയെങ്കിലും ഫലം കണ്ടിരുന്നില്ല. കാരവൻ പാർക്കുകൾ പൊന്മുടിയിലടക്കം വരുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങൾ കാരവനിൽ നൽകാൻ സാധിച്ചാൽ സഞ്ചാരികളെ ആകർഷിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ.

കോപ്ടറിലും

പറക്കാം

മുഖ്യമന്ത്രിയും ഗവർണറുമടക്കം വി.ഐ.പികളുടെ യാത്രയ്ക്കും വ്യോമനിരീക്ഷണത്തിനുമായി ഡൽഹിയിലെ ചിപ്സൺ ഏവിയേഷന്റെ പുത്തൻ ഹെലികോപ്ടർ 80ലക്ഷത്തിന് മാസവാടകയ്ക്കെടുത്തിട്ടുണ്ട്. ആറ് വി.ഐ.പികൾക്ക് സഞ്ചരിക്കാനാവുന്ന 11സീറ്റുള്ള ഫ്രഞ്ച് നിർമ്മിത ഇരട്ടഎൻജിൻ കോപ്ടറിന്റെ ഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെ ശമ്പളം, പാർക്കിംഗ് ഫീസ് സഹിതമാണ് 80ലക്ഷം മാസവാടക. 20മണിക്കൂർ പറക്കാനാണ് 80ലക്ഷം. അധികം പറന്നാൽ മണിക്കൂറിന് 90,000നൽകണം. 3വർഷത്തേക്കാണ് കരാർ.

നേരത്തേ 1.71കോടി മാസവാടകയ്ക്കെടുത്ത ഹെലികോപ്ടർ മാവോയിസ്റ്റ് വേട്ടയ്ക്കും രക്ഷാദൗത്യങ്ങൾക്കും ഉപയോഗിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവയവങ്ങളെത്തിക്കൽ, വ്യോമനിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, തീരദേശത്തും വിനോദ സഞ്ചാര - തീർത്ഥാടന മേഖലകളിലും നിരീക്ഷണം എന്നിവയാണ് കോപ്ടറിന്റെ ദൗത്യങ്ങൾ. തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്റിമാർക്കായി ഹെലികോപ്ടർ സർവീസ് നടത്തുന്നത് ചിപ്സണാണ്.