
ശിവഗിരി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആത്മീയ, വൈജ്ഞാനിക കൂട്ടായ്മയായ ശിവഗിരി തീർത്ഥാടനത്തിന്റെ നിറവിലാണ് ശിവഗിരിക്കുന്നും മഠവും. മഹാസമാധിയിലെത്തി ദർശനപുണ്യം നേടാൻ ശ്രീനാരായണ ഗുരുഭക്തരുടെ ഒഴുക്ക് തുടങ്ങി. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിലാണ് തീർത്ഥാടന മഹാമഹം. തീർത്ഥാടനകാലം തുടങ്ങിയ ദിവസം മുതൽ ശിവഗിരിയിൽ വൻ ഭക്തജനത്തിരക്കാണ്.
തീർത്ഥാടന നഗറിൽ ഉയർത്താനുള്ള ധർമ്മപതാക, ഗുരുദേവൻ തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്നും എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 ന് ശിവഗിരിയിൽ എത്തിച്ചേരും. തീർത്ഥാടന സമ്മേളന വേദിയിൽ സ്ഥാപിക്കാനുള്ള ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹം എഴുന്നള്ളിച്ചുകൊണ്ട് ഇലവുംതിട്ട കേരളവർമ്മ സൗധത്തിൽ (മൂലൂർ വസതി) നിന്ന് പുറപ്പെട്ട ഗുരുദേവ വിഗ്രഹ പ്രയാണവും ഇന്ന് വൈകിട്ട് മഹാസമാധിയിൽ എത്തും. കണ്ണൂർ തളാപ്പ് ശ്രീസുന്ദരേശ്വര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട, തീർത്ഥാടനവേദിയിൽ ജ്വലിപ്പിക്കാനുള്ള ദിവ്യജ്യോതിസ്സും കളവംകോടം ശ്രീശക്തീശ്വര ക്ഷേത്രത്തിൽ നിന്ന് ചേർത്തല മഹാസമാധി ദിനാചരണക്കമ്മിറ്രിയുടെ നേതൃത്വത്തിലുള്ള കൊടിക്കയർ പദയാത്രയും ഇതോടൊപ്പം ശിവഗിരിയിൽ എത്തിച്ചേരും. വിവിധ മേഖലകളിൽ നിന്നുള്ള പദയാത്രകളും നാളെ രാവിലെ മുതൽ ശിവഗിരിയിലേക്ക് എത്തിത്തുടങ്ങും.
ഡിസംബർ 15 ന് തുടങ്ങിയ തീർത്ഥാടനകാലം ജനുവരി അഞ്ച് വരെ തുടരും. ശ്രീനാരായണ ഗുരുദേവന്റെ സർവ്വമത സമന്വയ ദർശനത്തിന്റെ ശതാബ്ദിയാണ് 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ മുഖ്യ സവിശേഷത. തീർത്ഥാടന ദിവസങ്ങളിലെ ഭക്തജന പ്രവാഹത്തിന്റെ ബാഹുല്യം ഒരുപരിധിവരെ നിയന്ത്രിക്കാനും ഗുരുഭക്തർക്ക് മഹാസമാധി ദർശിച്ച് സൗകര്യപ്രദമായി പൂജകൾ നടത്താനുമുള്ള സൗകര്യവും ലഭ്യമാവും.
ധർമ്മപതാക ബഹ്റിനിൽ നിന്ന്
തീർത്ഥാടന ഘോഷയാത്രയ്ക്കുള്ള ധർമ്മപതാക സേവനം യു.എ.ഇ ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹ്റിൻ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹ്റിൻ, കുവൈറ്റ് സാരഥി എന്നിവിടങ്ങളിൽ നിന്നാകും ശിവഗിരിയിലെത്തിക്കുക. ഗുരുദേവൻ തീർത്ഥാടനത്തിന് അനുമതി നൽകിയ കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്ന് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഉയർത്താനുള്ള പതാക എത്തിക്കും.
കൊടിക്കയർ പദയാത്രയായി കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ നിന്നും, സമ്മേളന വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം ഇലവുംതിട്ട മൂലൂർ ഭവനമായ കേരളവർമ്മ സൗധത്തിൽ നിന്നും എത്തിക്കും. ഗുരുദേവ വിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള വസ്ത്രം ശ്രീലങ്കയിൽ നിന്ന് ഗുരുസൊസൈറ്റി കൊണ്ടുവരും.
തീർത്ഥാടനവേദിയിൽ ജ്വലിപ്പിക്കുന്ന ദിവ്യജ്യോതിസ് കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നാണ് എത്തിക്കുക. പദയാത്രകൾ ഇന്ന് ശിവഗിരിയിലെത്തിച്ചേരും.