shamseer

കേരളകൗമുദിയും സുധർമ്മദാസും

അവാർഡുകൾ ഏറ്റുവാങ്ങി

തിരുവനന്തപുരം: പ്രകോപനപരമായ കാര്യങ്ങൾ കൗശലപൂർവം ചോദിക്കുന്നവരാണ് യഥാർത്ഥ മാദ്ധ്യമപ്രവർത്തകരെന്ന് സ്പീക്കർ എ.എൻ.ഷംസീർ. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മാദ്ധ്യമ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിനയവും ബഹുമാനവും ആരെയും ചെറുതാക്കില്ല. ധാർഷ്ട്യത്തോടെയുള്ള ചോദ്യങ്ങളാണ് പൊതുപ്രവർത്തകരെ പ്രകോപിതരാക്കുന്നത്. മത്സരപ്പാച്ചിലിൽ വാർത്തകളുടെ സത്യസന്ധതയ്ക്ക് വീട്ടുവീഴ്ച ചെയ്യരുത്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന കാലത്ത് അച്ഛനമ്മമാർ നല്ല കേൾവിക്കാരാവണം.

പ്രമുഖ ഫോട്ടോ ജേർണലിസ്റ്റായിരുന്ന വിക്ടർ ജോർജിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രത്യേക ജൂറി പുരസ്കാരം കേരളകൗമുദി കൊച്ചി യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസിന് സ്പീക്കർ സമ്മാനിച്ചു. 5000 രൂപയും ശില്പവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം കേരളകൗമുദിക്കു വേണ്ടി റിപ്പോർട്ടർ ജെ.എസ്.ഐശ്വര്യ ഏറ്റുവാങ്ങി. വി.ജോയി എം.എൽ.എ അദ്ധ്യക്ഷനായി.