
ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബർ സുരക്ഷിതമാക്കാൻ വേണ്ടി വിദ്ഗ്ദ്ധ സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്മേൽ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ നടത്തിയ പഠനത്തിൽ പുലിമുട്ടിൽ മാറ്റം വരുത്തണമെന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. നാലുതരത്തിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചാണ് പരിശോധിച്ചത്. ഇതിനെ ആസ്പദമാക്കി പുതിയ അലൈൻമെന്റിന് ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കടലിലേക്ക് തുറക്കുന്ന രീതിയിലാണ് പുലിമുട്ട് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ മാറ്റം വരുത്തി മുതലപ്പൊഴിയുടെ തെക്കു ഭാഗത്ത് നിന്നു പുതിയൊരു പുലിമുട്ട് നിർമ്മിച്ച് വടക്കുപടിഞ്ഞാറ് ദിശയിൽ തുറക്കുന്ന രീതിയിൽ പുലിമുട്ട് വികസിപ്പിക്കുന്നതാണ് പുതിയ അലൈൻമെന്റ്. തെക്കു ഭാഗത്തെ പുലിമുട്ട് 575 മീറ്റർ നീളത്തിലും തെക്കുവടക്ക് ഭാഗത്തേക്ക് 170 മീറ്റർ നീളത്തിലുമാണ് പുലിമുട്ടിന്റെ പുതിയ അലൈൻമെന്റ്. വടക്കുപടിഞ്ഞാറ് ദിശയിലുള്ള പ്രവേശന കവാടത്തിന് 147 മീറ്റർ വീതിയുണ്ടാകും. പുതിയ അലൈൻമെന്റ് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറ് ദിശയിൽ നിന്നുള്ള തിരയെ പ്രതിരോധിക്കാൻ കഴിയില്ലെന്നും കായലിൽ നിന്ന് ഒഴുകിവരുന്ന മണലിന്റെ ഒഴുക്കടക്കമുള്ള പ്രശ്നങ്ങളുമാണ് അവർ ചൂണ്ടിക്കാട്ടുന്നത്. മത്സ്യത്തൊഴിലാളികളുടെയും - ഹാർബർ വകുപ്പിന്റെയും നിർദ്ദേശങ്ങൾ സി.ഡബ്ല്യു.പി.ആർ.എസിനെ അറിയിക്കും. മത്സ്യത്തൊഴിലാളികളുടെ ആശങ്ക കൂടി പരിഹരിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാന ഹാർബർ എൻജിനിയറിംഗ് വകുപ്പ് ചീഫ് എൻജിനിയർ ജോമോൻ കെ.ജോർജ്, എക്സിക്യുട്ടിവ് എൻജിനിയർ അനിൽകുമാർ, അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ അരുൺകുമാർ, വി.ശശി എം.എൽ.എ, ജില്ലാപഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, വൈസ് പ്രസിഡന്റ് ആർ.സരിത, പഞ്ചായത്തംഗങ്ങളായ അബ്ദുൽ വാഹിദ്, സൂസി ബിനു, ഫാത്തിമ ശാക്കിർ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളായ ഐസക് വല്ലേറിയൻ, ബിനു പീറ്റർ,നജീബ് തോപ്പിൽ, ലോറൻസ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: സി.ഡബ്യു.പി.ആർ.എസ് സമർപ്പിച്ച ഹാർബർ രൂപരേഖ