k

സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉടനെയൊന്നും തീരുന്ന ലക്ഷണമില്ല. പ്രത്യക്ഷമായോ പരോക്ഷമായോ ഈ പ്രതിസന്ധി സമസ്ത മേഖലകളെയും വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്. നിവൃത്തിയില്ലാതെ സർക്കാർ അനുകൂല സംഘടനകൾ പോലും സമരമാർഗത്തിലേക്ക് കടന്നുകഴിഞ്ഞു. വിവിധ വിഭാഗക്കാരുടെ കുടിശ്ശിക തീർക്കാൻ തന്നെ ഭീമമായ തുക കണ്ടെത്തേണ്ടിയിരിക്കുന്നു. കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണമെന്നാണു പറയുന്നത്. എന്നാൽ കേന്ദ്രത്തെ പഴിചാരി സംസ്ഥാന സർക്കാരിന് എന്നും നിസ്സംഗത പുലർത്താനാവില്ലെന്ന് സർക്കാരിന്റെ ഭാഗം തന്നെയായ എ.ഐ.ടി.യു.സി കഴിഞ്ഞ ദിവസം ഓർമ്മിപ്പിച്ചത് ശ്രദ്ധേയമാണ്.

വേതന കുടിശ്ശികയ്ക്കായി സ്‌കൂൾ പാചക തൊഴിലാളികൾ ആരംഭിച്ച ത്രിദിന സമരപരിപാടി ഉദ്ഘാടനം ചെയ്ത് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രനാണ് ബാദ്ധ്യതകൾ തീർക്കാൻ സർക്കാർ മുന്നോട്ടുവന്നേ മതിയാവൂ എന്ന് ഓർമ്മിപ്പിച്ചത്. പാചക തൊഴിലാളികൾ മാത്രമല്ല,​ കുടിശ്ശികത്തുകയ്ക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നത്. സ്കൂൾ കുട്ടികൾക്കുള്ള കൈത്തറി യൂണിഫോം നെയ്തു നൽകിയ വകയിൽ നെയ്‌ത്തുകാർക്കു നൽകാനുള്ളത് ഇരുപതു കോടി രൂപയാണ്. കുടിശ്ശിക കുമി‍ഞ്ഞതോടെ നെയ്‌ത്തു മതിയാക്കി മറ്റു കൂലിപ്പണികളിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് പലരും.

സാധാരണ ജനങ്ങൾക്ക് ഏറെ സഹായമായിരുന്ന സപ്ളൈകോ വില്പനശാലകളിൽ സാധനങ്ങളില്ലാതായിട്ട് ആഴ്ചകളായി. സർക്കാരിൽ നിന്നു ലഭിക്കേണ്ട കോടിക്കണക്കിനു രൂപ കിട്ടാതായതോടെ അവശ്യസാധനങ്ങൾ വരുത്താൻ കഴിയുന്നില്ല. നല്ല കച്ചവടം നടക്കേണ്ട ക്രിസ്‌മസ് കാലത്ത് പേരിനു മാത്രമായിരുന്നു വില്പന. സബ്സിഡി സാധനങ്ങളുടെ വില പുതുവർഷം മുതൽ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതുകൂടിയാകുമ്പോൾ പൊതുവിപണിയും സപ്ളൈകോയും തമ്മിലുള്ള വിലവ്യത്യാസം വീണ്ടും കുറയും.

മഴക്കാലം ഒഴിഞ്ഞതോടെ നാടൊട്ടുക്കും മരാമത്തു പണികൾ തകൃതിയായി നടക്കേണ്ട സമയമാണിത്. എന്നാൽ ചെറുതും വലുതുമായ കരാറുകാരെല്ലാം മുഖംതിരിച്ചതോടെ പണി ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതിയാണിപ്പോൾ. കരാറുകാർക്കെല്ലാം കൂടി 1600 കോടിയിൽപ്പരം രൂപയാണ് സർക്കാരിൽ നിന്നു ലഭിക്കാനുള്ളത്. അത് എന്നു കിട്ടുമെന്നറിയാതെ കരാറുകാർ തലയിൽ കൈവച്ചിരിക്കുന്നു. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു മാത്രമല്ല വട്ടിപ്പലിശയ്ക്കുവരെ കടമെടുത്താകും ചെറുകിട കരാറുകാരിൽ പലരും കരാർജോലികൾ ഏറ്റെടുക്കുന്നത്. പണി പൂർത്തിയാക്കി ബില്ലുകൾ സമർപ്പിച്ച് പണം യഥാകാലം ലഭിക്കുന്നില്ലെങ്കിൽ പലരും വലിയ ദുരിതത്തിലാകും. പല തട്ടുകളിൽ നൽകേണ്ട പടി കൃത്യമായി നേരത്തെതന്നെ നൽകിയിട്ടുണ്ടാവും. എന്നാൽ ബിൽ മാറിക്കിട്ടുന്നതുവരെ കരാറുകാരുടെ ആധി അടങ്ങുകയില്ല.

ക്ഷാമബത്ത കുടിശ്ശിക ഉൾപ്പെടെ തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾക്കായി സർക്കാർ ജീവനക്കാരും അദ്ധ്യാപകരും സമരത്തിന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഈ കുടിശ്ശിക തീർക്കാനും വലിയ സംഖ്യ കണ്ടെത്തേണ്ടിവരും. സാമ്പത്തികവർഷം തീരാൻ മൂന്നു മാസമാണ് ശേഷിക്കുന്നത്. പദ്ധതി നിർവഹണം പകുതി പോലും പൂർത്തിയായ തദ്ദേശസ്ഥാപനങ്ങൾ കുറവാണ്. വികസന പ്രവർത്തനങ്ങൾക്കു നേരിടുന്ന മാന്ദ്യം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് എങ്ങനെ കരകയറാനാകുമെന്നതു സംബന്ധിച്ച് സർക്കാരിനു മുമ്പിൽ ഇപ്പോഴും വ്യക്തമായ ആശയങ്ങൾ ഉള്ളതായി തോന്നുന്നില്ല. ഒരുഭാഗത്ത് കുടിശ്ശികകൾ പെരുകി വരുമ്പോൾ അതിൽ ഒരു ഭാഗമെങ്കിലും നൽകി സമാധാനിപ്പിക്കാനുള്ള വഴിയാണ് നോക്കുന്നത്. ഇങ്ങനെ എത്രകാലം മുമ്പോട്ടുപോകാനാകുമെന്ന് ഗൗരവമായി ചിന്തിക്കണം.