f

ഈ കുറിപ്പിനൊപ്പം ചേർത്തിരിക്കുന്ന വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി​യുടെ ഛായാചിത്രത്തിന് വലിയ പഴക്കമില്ല. നാലോ അഞ്ചോ വർഷമേ ആയുള്ളൂ,​ ഈ ചിത്രം വരച്ചിട്ട്. 1932-ൽ അമ്പത്തിയെട്ടാം വയസിൽ അന്തരിച്ച,​

സ്വദേശാഭിമാനി പത്രമുടമയും സാമൂഹി​ക പരി​ഷ്കർത്താവുമായ വക്കം മൗലവി​യുടെ ചി​ത്രം അതുവരെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടി​രുന്നത് വി​കലവും വി​കൃതവുമായ ഒരു ഭാവനയെ പ്രതി​ഫലി​പ്പി​ക്കുന്നതായി​രുന്നു! മൗലവിയുടെ യഥാത്ഥ ചി​ത്രം കണ്ടെത്തുകയെന്ന ദൗത്യം വാശിയോടെ ഏറ്രെടുത്തത്

അദ്ദേഹത്തി​ന്റെ പൗത്രനും വക്കം മൗലവി​ ഫൗണ്ടേഷൻ ചെയർമാനുമായ എ. സുഹൈർ ആണ്.

ഫൗണ്ടേഷൻ സെക്രട്ടറിയായ ഈ ലേഖകൻ സർവ പി​ന്തുണയുമായി​ ഒപ്പംകൂടി​.

അദ്ധ്യാപകനും മൗലവി​യുടെ സഹചാരി​യുമായിരുന്ന ഷെരീഫ് ലുബ്ബയുടെ പത്രകട്ടിംഗുകളുടെ ശേഖരത്തി​ലേക്ക് ശ്രദ്ധപതി​യുന്നത് അങ്ങനെയാണ്. ആലംകോട് ഹസ്സൻ എന്ന അദ്ദേഹത്തി​ന്റെ ബന്ധു സൂക്ഷി​ച്ചി​രുന്ന ഫയലി​ൽ നി​ന്ന് വക്കം മൗലവി​യുടെ അച്ചടി​ച്ചുവന്ന ഒരു ചി​ത്രം കണ്ടെത്തി​. പക്ഷേ,​ ആ ചിത്രത്തിന്റെ ആധികാരികത ഉറപ്പാക്കണമല്ലോ. മൗലവിയുടെ ബന്ധുവായിരുന്നു,​ 'ദ് ഡോൺ" പത്രത്തിന്റെ മുൻ പത്രാധിപ‌രായ ഷാക്കൂർ സാഹിബ്ബ്. മൗലവിയെ അദ്ദേഹം നേരിൽക്കണ്ടിട്ടുണ്ട്. ലണ്ടനിൽ താമസിച്ചിരുന്ന ഷാക്കൂർ സാഹിബ്ബുമായി ബന്ധപ്പെട്ടാണ് സുഹൈർ ഈ ചിത്രത്തിന്റെ 'ഒറിജിനാലിറ്റി" ഉറപ്പാക്കിയത്. അതു പോരാഞ്ഞ്,​ മലേഷ്യയിൽ താമസിച്ചിരുന്ന മൗലവിയുടെ മറ്റൊരു ബന്ധുവായ ഡോ. റഹ്‌മയുമായും ബന്ധപ്പെട്ടു. ഇതിനൊക്കെ ശേഷമാണ്, ആറ്റിങ്ങലിൽ നിന്നുള്ള സുരേഷ് കൊളാഷ് ഇപ്പോൾ ഈ ആധികാരികചിത്രം വരച്ചെടുത്തത്.

വിശാലമായ

പോർമുഖം

കേരളത്തിന്റെ നവോത്ഥാന ശില്പികളിൽ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, പൊയ്‌കയിൽ അപ്പച്ചൻ,​ വി.ടി. ഭട്ടതിരിപ്പാട്, തുടങ്ങിയ മഹാപുരുഷന്മാരുടെ പട്ടികയിൽ ഉന്നതമായ നിലയിൽ വിളങ്ങുന്ന പേരാണ് വക്കം മുഹമ്മദ് അബ്‌ദുൽ ഖാദർ മൗലവിയുടേത്. മുസ്ളിം സമുദായത്തിൽ അടിഞ്ഞുകൂടിയിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വിദ്യാരാഹിത്യത്തിനും സ്‌ത്രീവിവേചനത്തിനുമെതിരെ പോരാടി,​ സമുദായ ഉന്നമനത്തിനായി പോർമുഖം തുറക്കുമ്പോൾത്തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങളുടെ സംരക്ഷണത്തിനും പൊതുജീവിതത്തിലെ അഴിമതികൾക്കുമെതിരെ നിലകൊണ്ട്,​ മറ്റൊരു വിശാലമായ പോർമുഖം കൂടി അദ്ദേഹം തുറന്നു.

1873 ഡിസംബർ 28-ന് വക്കത്തെ പ്രശസ്തമായ പൂന്ത്രാംവിളാകം കുടുംബത്തിലാണ് മുഹമ്മദ് അബ്‌ദുൽ ഖാദർ ജനിക്കുന്നത്. സമ്പന്നതയുടെ നടുവിൽ. മലയാളത്തിനു പുറമേ തമിഴ്, അറബിക്, ഇംഗ്ളീഷ്, സംസ്‌കൃതം, ഉറുദു ഭാഷകളിലും ചെറുപ്പത്തിൽത്തന്നെ പാണ്ഡിത്യം നേടി. വിദേശങ്ങളിലെ പണ്ഡിതരുമായി എഴുത്തുകുത്തുകൾ നടത്തിയും അവിടങ്ങളിൽ നിന്നിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടും വക്കം മൗലവി ലോക സംഭവങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചു.

പരിഷ്കരണ

പ്രസ്ഥാനങ്ങൾ

ചിറയിൻകീഴ് താലൂക്ക് മുസ്ളിം സമാജം, ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ അസോസിയേഷൻ, കൊടുങ്ങല്ലൂരിലെ മുസ്ളിം ഐക്യസംഘം, കൊല്ലത്തെ മുസ്ളിം ധർമ്മപോഷിണി സഭ തുടങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളം അദ്ദേഹം നേതൃത്വം നൽകിയ ജനകീയ പ്രസ്ഥാനങ്ങൾ ഈ നവോത്ഥാന പരിശ്രമങ്ങളുടെ വാഹകരായിരുന്നു. 1906-ൽ പ്രസിദ്ധീകരണമാരംഭിച്ച മുസ്ളിം മാസികയും,​ 1918-ൽ ആരംഭിച്ച അൽ ഇസ്‌ലാം മാസികയും,​ 1931-ൽ തുടങ്ങിയ ദീപികയും മുസ്ളിം നവോത്ഥാനത്തിനായി അദ്ദേഹം നടത്തിയ കഠിന പരിശ്രമങ്ങളുടെ നിദർശനങ്ങളാണ്. മൗലവി രചിച്ച 'ളൗഉസ്സബാഹ്" എന്ന സ്വതന്ത്ര കൃതി​യും 'കീമിയാ സആദാ" പിരഭാഷയും മറ്റു വിവർത്തനങ്ങളും ലേഖനങ്ങളും മുസ്ളിം സമുദായ പരിഷ്‌കരണത്തിന് മുതൽക്കൂട്ടായി.

ധീരനായ

പത്രം ഉടമ

1905-ൽ സ്വദേശാഭിമാനി എന്ന പേരി​ൽ അഞ്ചുതെങ്ങ് കേന്ദ്രമാക്കി​ വർത്തമാനപത്രം സ്ഥാപി​ച്ചാണ് വക്കം മൗലവി​ പൊതു രാഷ്ട്രീയ - പത്ര പ്രസിദ്ധീകരണ മണ്ഡലത്തിലേക്ക് കാൽവച്ചത്. ഇംഗ്ളണ്ടിൽനിന്ന് വൻ വിലകൊടുത്ത് ഇറക്കുമതി ചെയ്ത പ്രസും റോയിട്ടർ ന്യൂസ് ഏജൻസിയുമായി കരാറും ഉണ്ടായിരുന്ന ഏക പത്രം എന്ന നിലയിലും അത് അക്കാലത്ത് പ്രശസ്തമായി. തിരുവിതാംകൂർ ദിവാന്റെ നടപടികൾ ചോദ്യംചെയ്തതിന്റെ പേരിൽ, ഭരണകൂട അഴിമതികൾ തുറന്നുകാട്ടിയിരുന്ന സ്വദേശാഭിമാനി പത്രം 1910 സെപ്തംബർ 26ന് കണ്ടുകെട്ടിയതും,​ പത്രാധിപർ രാമകൃഷ്‌ണപിള്ളയെ നാടുകടത്തിയതും ചരിത്രം. പത്രം ഉടമ എന്ന നിലയിൽ വക്കം മൗലവി അനുവദിച്ചു നൽകിയ പത്രസ്വാതന്ത്ര്യ‌ത്തിന്റെ പേരിൽ ആ പത്രം തന്നെ നഷ്ടപ്പെട്ടെങ്കിലും മൗലവി ഖിന്നനായില്ല. തന്റെ പത്രാധിപരില്ലാത്ത പത്രം തനിക്ക് തിരികെവേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഗാന്ധിജിയെ

കാണുന്നു

1921-ൽ ഒറ്റപ്പാലം കോൺഗ്രസിൽ പങ്കെടുത്ത വക്കം മൗലവി, 1922-ൽ ഗാന്ധിജി തിരുവനന്തപുരത്തു വന്നപ്പോൾ ഭക്തിവിലാസത്തിലെത്തി, തന്റെ വത്സലശിഷ്യനായ സീതിസാഹിബിനോടൊപ്പം അദ്ദേഹത്തെ സന്ദർശിക്കുകയും സ്വാതന്ത്ര്യ‌‌സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. ''ഞാനൊരു കച്ചവടക്കാരനല്ല; സാമൂഹിക സേവനവും രാജ്യസേവനവുമാണ് ഞാൻ പത്രംകൊണ്ട് ഉദ്ദേശിക്കുന്നത്. എനിക്കു വേണ്ട പരമമായ ലാഭം പണമല്ല. ഞാൻ ഉദ്ദേശിക്കുന്നത് എനിക്കല്ല,​ എന്റെ രാജ്യത്തിന് കിട്ടുമെന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം'' എന്ന ആദർശത്തിൽ ഉറച്ചുനിന്നു,​ വക്കം മൗലവി.

കാലോചിത വിദ്യാഭ്യാസ സമ്പ്രദായം കരുപ്പിടിപ്പിക്കുന്നതിലൂടെയും സ‌്ത്രീവിമോചനം സാദ്ധ്യമാക്കുന്നതിലൂടെയും ഉച്ചനീചത്വവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉന്മൂലനം ചെയ്യുന്നതിലൂടെയും മാത്രമേ നല്ലൊരു ഇന്ത്യയെ കെട്ടിപ്പടുക്കാനാകൂ എന്ന ദൃഢവിശ്വാസത്തിലൂന്നിയ പ്രവൃത്തികൾകൊണ്ട്, തന്റെ സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെട്ട വക്കം മൗലവി 1932 ഒക്ടോബർ 31ന് ദിവംഗതനായെങ്കിലും കേരള നവോത്ഥാനത്തിന്റെ സൂര്യതേജസ്സായി എന്നും പ്രകാശിക്കും.

(വക്കം മൗലവി ഫൗണ്ടേഷൻ സെക്രട്ടറിയും കേന്ദ്ര സാഹിത്യ അക്കാഡമി ഉപദേശകസമിതി മുൻ അംഗവുമാണ് ലേഖകൻ. മൊബൈൽ: 94463 08600)​