
ചെന്നൈ: തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും സൂപ്പർ സ്റ്റാറായിരുന്ന സൂപ്പർസ്റ്റാർ വിജയകാന്ത് (71) ഇനി ഓർമ്മ. ഇന്നലെ രാവിലെ ചെന്നൈയിലെ മിയോട്ട് ആശുപത്രിയിലായിരുന്നു ആരാധകരുടെ സ്വന്തം ക്യാപ്ടന്റെ അന്ത്യം. ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പുലർച്ചെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 8.30നാണ് മരണവിവരം ആശുപത്രി അധികൃതർ അറിയിച്ചത്. അന്ത്യനിമിഷങ്ങളിൽ ഭാര്യ പ്രേമലതയും മക്കളായ ഷണ്മുഖ പാണ്ഡ്യൻ, വിജയ പ്രഭാകർ എന്നിവർ അരികിലുണ്ടായിരുന്നു.
ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, ക്യാപ്ടൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, സേതുപതി ഐ.പി.എസ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2011 മുതൽ 2016 വരെ തമിഴ്നാടിന്റെ പ്രതിപക്ഷ നേതാവായിരുന്നു. രണ്ടു തവണ എം.എൽ.എയുമായി.
സാലിഗ്രാമിലെ വീട്ടിലേക്കു കൊണ്ടുപോയ ഭൗതികശരീരം തുടർന്ന് വിലാപയാത്രയായി കോയമ്പേടിലെ ഡി.എം.ഡി.കെ (ദേശീയ മുർപോക്ക് ദ്രാവിഡ കഴകം) ആസ്ഥാനത്ത് കൊണ്ടുവന്നു. നാളെ വൈകിട്ട് 4.30ന് സംസ്ഥാന ബഹുമതികളോടെ പാർട്ടി ആസ്ഥാനത്താണ് സംസ്‌കാരം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ, മന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
മധുരയിൽ ജനിച്ച വിജയകാന്തിന്റെ ഔദ്യോഗിക പേര് വിജയരാജ് അളഗർസ്വാമി എന്നാണ്. കെ.എൻ. അളഗർസ്വാമിയും ആണ്ടാൾ അളഗർസ്വാമിയുമാണ് മാതാപിതാക്കൾ. 1979ൽ 'ഇനിക്കും ഇളമൈ" എന്ന ചിത്രത്തിൽ വില്ലനായാണ് അരങ്ങേറിയത്. 1981ൽ പുറത്തിറങ്ങിയ 'സട്ടം ഒരു ഇരുട്ടറൈ" നായകനെന്ന നിലയിൽ വാണിജ്യമൂല്യമുയർത്തി. കമലഹാസനും രജനികാന്തും അരങ്ങുവാഴുന്ന കാലത്താണ് വിജയകാന്ത് സൂപ്പർതാരമായത്.
തമിഴരുടെ വിപ്ലവ കലാകാരൻ
നാടിനും കുടുംബത്തിനുമായി ത്യാഗം സഹിക്കുന്ന കഥാപാത്രങ്ങളിലൂടെ 'പുരട്ചി കലൈഞ്ജർ" (വിപ്ലവ കലാകാരൻ) എന്ന വിശേഷണവും ലഭിച്ചു. സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിച്ച നായകനെ പ്രേക്ഷകർ ഏറ്റെടുത്തു. ജീവിതത്തിലും അനീതിക്കെതിരെ ശബ്ദമുയർത്തിയ അദ്ദേഹം തമിഴ് താരങ്ങളുടെ സംഘടനയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 2005ലാണ് ഡി.എം.ഡി.കെ പാർട്ടി രൂപീകരിച്ചത്.
2010ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായത്. സിനിമയുടെ സംവിധാനകനും വിജയകാന്തായിരുന്നു. 2015ൽ പുറത്തിറങ്ങിയ 'സതാബ്ദം"ലെ അതിഥിവേഷമാണ് ഒടുവിലെ ചിത്രം.മകൻ ഷൺമുഖ പാണ്ഡ്യനായിരുന്നു സിനിമയിലെ നായകൻ. 1990 ജനുവരി മൂന്നിന് പ്രേമലതയെ വിവാഹം കഴിച്ചത്.