
വിതുര: വന്യമൃഗശല്യം രൂക്ഷമായതോടെ ആനപ്പാറ നാരകത്തിൻകാല മേഖലയിലെ ആദിവാസികളുടെ ജീവിതം ദുരിതപൂർണമാകുന്നു. രണ്ടാഴ്ചയായി നാരകത്തിൻകാല പ്രദേശത്ത് കാട്ടുമൃഗങ്ങളുടെ വിളയാട്ടമാണ്. പകൽസമയത്തുപോലും വന്യമൃഗങ്ങളെ ഇവിടെ കാണാം. സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങുവാൻ കഴിയില്ല. കഴിഞ്ഞദിവസം രാത്രിയിൽ നാരകത്തിൻകാല മോഹൻകാണിയുടെ അഞ്ഞൂറ് വാഴകൾ മൂടോടെ കാട്ടാനക്കൂട്ടം നശിപ്പിച്ചു. തെങ്ങുകളും കമുകും പിഴുതിട്ടു. സമീവവാസികളുടേയും കൃഷികൾ നശിപ്പിച്ചിട്ടുണ്ട്. നേരം പുലരുവോളം കാട്ടാനകളുടെ താണ്ഡവമായിരുന്നു. പ്രദേശത്ത് മിക്ക ദിവസവും കാട്ടാനകൾ എത്താറുണ്ട്. കാട്ടാനശല്യം രൂക്ഷമായതോടെ ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിനുള്ളിൽ കയറുവാൻ കഴിയാത്ത സ്ഥിതിയിലാണെന്ന് ആദിവാസികൾ പറയുന്നു. തൊട്ടടുത്ത സ്ഥലമായ ആനപ്പാറ വാളേങ്കിയിലും കാട്ടാനശല്യം രൂക്ഷമാണ്. ഇവിടെയും കൃഷികൾ വ്യാപകമായി നശിപ്പിച്ചിരുന്നു. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുള്ളതായി പറയുന്നു. ആനപ്പാറയിൽ ജനവാസമേഖലകളിൽ വരെ കാട്ടാനഎത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നാരകത്തിൻകാല സ്വദേശി സൂര്യന്റെ ആടിനെ പുലി കടിച്ചുകൊന്നിരുന്നു. പുലിയെ പ്രദേശത്ത് വീണ്ടും കണ്ടതായി ആദിവാസികൾ പറയുന്നു. വനം വകുപ്പ് പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ആദിവാസികൾ ഭീതിയുടെ നിഴലിലാണ്. നേരത്തേ പ്രദേശത്ത് കരടിയുടെ ശല്യവുമുണ്ടായി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനംവകുപ്പ് മേധാവികൾ വ്യക്തമാക്കുന്നത്.