തിരുവനന്തപുരം:തമിഴ് സിനിമയിലെ സൂപ്പർ താരമാകുന്നതിനു മുമ്പ് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് വിജയകാന്ത് നടന്നുതീർത്ത വഴികളേറെയാണ്. ഒരു സിനിമാക്കഥയെ ഓർമ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം.വിജയകാന്തിന്റെ അച്ഛൻ കെ.എൻ.അളഗസ്വാമിക്ക് മധുരയിൽ സ്വന്തമായി വലിയ അരി മിൽ ഉണ്ടായിരുന്നെങ്കിലും അതു നോക്കാതെ വെൽവെറ്റ് ഷാംപുവിന്റെ പ്രതിനിധിയായി തിരുവനന്തപുരത്തേക്ക് ഇടയ്ക്കിടെ എത്തുമായിരുന്നു. പിന്നീട് സിനിമയിൽ അവസരം ചോദിച്ചും അല്ലാതെയും വിജയകാന്ത് ചാലയിലും പഴവങ്ങാടിയിലും മ്യൂസിയത്തും കോവളത്തും എന്നുവേണ്ട നഗരത്തിന്റെ മുക്കിലും മൂലയിലും നടന്നു. വിദ്യാർത്ഥിയായിരുന്നപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ട്രെയിനിൽ തിരുവനന്തപുരത്ത് വരുമായിരുന്നു വിജയകാന്ത്. മ്യൂസിയത്തും മൃഗശാലയിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഒക്കെ പോകുമായിരുന്നു. കൗമാരത്തിലും യൗവനത്തിലും വരവ് മുടക്കിയിട്ടില്ല.

കുട്ടിക്കാലം തൊട്ടെ സിനിമ മനസിൽ കൊണ്ടുനടന്ന വിജയകാന്ത് തിരുവനന്തപുരത്തെത്തിയാൽ സിനിമകൾ വിടാതെ കാണുമായിരുന്നു.നാട്ടിൽ ലഭിക്കാത്ത സിനിമാ അവസരം തിരുവനന്തപുരത്ത് ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. ഇപ്പോൾ നവീകരണം നടക്കുന്ന ശ്രീകുമാർ തിയേറ്ററായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്. കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സെൻട്രൽ തിയേറ്ററിലും എത്തിയിരുന്നു. വ്യാഴാഴ്ചകളിൽ രാത്രിയോടെ മധുരയിൽ നിന്ന് ട്രെയിനിൽ കയറി തലസ്ഥാനത്തെത്തും. ഷൂട്ടിംഗ് സ്ഥലങ്ങളിൽ പോയി അവസരം ചോദിക്കും.നിരാശപ്പെട്ട് ഞായറാഴ്ച രാത്രിയോടെ മധുരയിലേക്ക് വീണ്ടും വണ്ടി കയറുന്നതായിരുന്നു രീതി.

വിജയകാന്തിന്റെ ബാല്യകാല സുഹൃത്തായ സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്മിയെ വിവാഹം കഴിപ്പിച്ചത് തിരുവനന്തപുരത്ത് ആര്യശാലയിലായിരുന്നു. പഴവങ്ങാടിക്കു സമീപം ജ്യോതി എന്ന പേരിൽ ഗോൾ‌ഡ് കവറിംഗ് ആഭരണക്കട നടത്തുകയായിരുന്നു മുത്തുലക്ഷ്മിയുടെ ഭർത്താവ് കണ്ണൻ. മുത്തുലക്ഷ്മി വിവാഹശേഷം മധുരയിൽ നിന്ന് ഭർതൃഗൃഹമായ തിരുവനന്തപുരത്ത് ആര്യശാലയിലെ വീട്ടിലേക്ക് വന്നു.സഹോദരൻ സുന്ദർരാജനും ഇടയ്ക്കിടെ സഹോദരിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തുമ്പോൾ ബാല്യകാലസുഹൃത്തും അയൽക്കാരനുമായ വിജയകാന്തും ഒപ്പമുണ്ടാകും. അക്കാലത്ത് മധുര കഴിഞ്ഞാൽ വിജയകാന്തിന്റെ രണ്ടാം നഗരം തിരുവനന്തപുരമായിരുന്നു. 19 -20 വയസിൽ വിജയരാജിനെ ആകർഷിച്ചത് തിരുവനന്തപുരത്തെ ഓണാഘോഷമാണ്. ഓണത്തിന് റിലീസാകുന്ന ചിത്രങ്ങൾ കൂടാതെ അജന്ത,​സെൻട്രൽ,​ന്യൂ,​ശക്തി,​ശ്രീപദ്മനാഭ,പേട്ട കാർത്തിക വരെയുള്ള നഗരത്തിലെ പഴയ സിനിമാക്കൊട്ടകളിൽ സുന്ദർരാജിനൊപ്പം വിജയകാന്ത് കയറിയിറങ്ങിയിരുന്നു. കണ്ണന്റെ മരണത്തെ തുടർന്ന് ബിസിനസ് പ്രതിസന്ധിയിലായതോടെ വിജയകാന്ത് ഏഴ് ലക്ഷം രൂപ മുടക്കി കട ഏറ്റെടുത്തു.എന്നാൽ,​വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിനായില്ല. മറ്റുവഴികളില്ലാതെ വന്നതോടെ കട വിൽക്കുകയായിരുന്നു. ഇന്നത്തെ ആസാദ് ബേക്കറി സ്ഥിതിചെയ്യുന്ന തന്റെ ഭൂമി വിൽക്കുന്നതിനായി 1980കളിലാണ് വിജയകാന്ത് പിന്നീട് തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ മാസം നടി രാധയുടെ മകളുടെ വിവാഹത്തിന് കവടിയാറിൽ വിജയകാന്തിന്റെ ഭാര്യ എത്തിയിരുന്നു.

 വിജയരാജ് വിജയകാന്തായി
വിജയരാജ് എന്ന പേരുമാറ്റി 'വിജയകാന്ത്' എന്ന പേര് സ്വീകരിച്ചതിനു പിന്നിലും ഒരു മലയാള ബന്ധമുണ്ട്. തിരൂരുകാരനും മലയാളിയുമായ വിജയൻ (മീശ വിജയൻ) എന്ന തമിഴ് നായകനടനോടും രജനികാന്ത് എന്ന നായക നടനോടുമുള്ള ആരാധനയാണ് വിജയകാന്ത് എന്ന പേര് സ്വീകരിച്ചതിനു പിന്നിലെന്ന് ഗവേഷകനും ചരിത്രകാരനുമായ പ്രതാപ് കിഴക്കേമഠം പറഞ്ഞു.

 സത്യൻ,​ ജയൻ,​ ....ജയഭാരതി
അനശ്വര നടൻ സത്യനെ ആരാധിച്ചിരുന്ന വിജയകാന്ത് മലയാള സിനിമയിൽ അവസരം തേടി അലഞ്ഞു. രാവിലെ ചാലയിലെ വീട്ടിൽ നിന്നിറങ്ങി സിനിമാ സെറ്റുകളിലെത്തും.ഒടുവിൽ നിരാശപ്പെട്ട് ക്ഷീണിച്ചു മടങ്ങും.ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയെങ്കിലും കഴിവില്ലെന്നുപറഞ്ഞ് ചിത്രീകരണ സമയത്ത് പുറത്താക്കി. അതോടെയാണ് സിനിമാതാരമാകണമെന്ന ആഗ്രഹം കലശലായതും അവസരം തേടി മലയാളത്തിലെത്തിയതും. സത്യൻ,ജയൻ,ഷീല,ശാരദ,ജയഭാരതി തുടങ്ങിയവരോട് കടുത്ത ആരാധനയായിരുന്നു വിജയകാന്തിന്. അവരുടെ എല്ലാ സിനിമകളും കാണും. 'തുലാഭാരം' കണ്ട് അദ്ദേഹം കരഞ്ഞിട്ടുണ്ട്. ഉപ്പേരി കൊറിച്ചുകൊണ്ടാണ് സിനിമ കാണൽ. നടൻ മോഹൻലാലിന്റെ അഭിനയ രജതജൂബിലി ആഘോഷത്തിനും വിജയകാന്ത് എത്തിയിരുന്നു.