
ചെന്നൈ: കൊടാമ്പാക്കത്തിനടുത്തുള്ള വിരുതംപക്കത്തെ എം.ജി.ആർ നഗർ. വലിയൊരു ജനക്കൂട്ടം. പെട്ടെന്ന് അവർ ആർത്തുവിളിച്ചു ''കറുപ്പ് എം.ജി.ആർ വാഴ്ക! പുരുട്ചി തലൈവൻ വാഴ്ക! നാളയ തമിഴ് തലൈവർ വാഴ്ക!''
ആർത്തലയ്ക്കുന്നവരുടെ മുന്നിലേക്ക് കൈകൂപ്പി വിജയകാന്ത് വേദിയിലേക്ക്. മഞ്ഞയും ചുവപ്പും കറുപ്പും ചേർന്ന തൊപ്പിയും ഷാളുമൊക്കെ ധരിച്ച അണികൾ അവേശത്തിമിർപ്പിൽ തുള്ളുകയാണ്. 2016 മേയ് 9ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരു പ്രചാരണ രംഗമാണിത്. അപ്പോൾ 29 എം.എൽ.എമാരുള്ള ഡി.എം.ഡി.കെയുടെ നേതാവാണ് വിജയകാന്ത്. ഡി.എം.കെയ്ക്കു പോലും അത്രയും സീറ്റില്ല. അതുകൊണ്ടു തന്നെ പ്രതിപക്ഷ നേതാവിന്റെ റോളിലായിരുന്നു ക്യാപ്റ്റൻ. ഇന്നത്തെ പ്രതിപക്ഷ നേതാവ് നാളത്തെ മുഖ്യമന്ത്രി എന്ന് കുറിച്ച അണികളാണ് നാളയ തമിഴ് തലൈവർ വാഴ്ക! എന്നാർത്തു വിളിക്കുന്നത്. റോമാന്റിക് ഹീറോ ആയിരുന്ന എം.ജി.ആർ വെളുത്ത സുന്ദരനായിരുന്നു. കറുപ്പഴകിൽ ജനം ഏറ്റെടുത്ത വിജയകാന്ത് കറുപ്പ് എം.ജി.ആർ ആയി.
വേദിയിൽ പൊരിഞ്ഞ പ്രസംഗം. ജയലളിതയോടും കരുണാനിധിയോടും ഒരേ സമയം യുദ്ധം പ്രഖ്യാപിച്ച ക്യാപ്റ്റൻ രണ്ടു പേർക്കെതിരേയും ആഞ്ഞടിച്ചു. സി.പി.ഐ, സി.പി.എം, വൈകോയുടെ എം.ഡി.എം.കെയും വി.സി.കെയുമടക്കമുള്ള ഏഴു പാർട്ടികളെ ഉൾപ്പെടുത്തി ജനക്ഷേമ മുന്നണി രൂപികരിച്ചായിരുന്നു വിജയകാന്തിന്റെ പടപ്പുറപ്പാട്.
പക്ഷെ, ജയലളിത സർക്കാരിന്റെ ഭരണതുടർച്ചയാണ് തമിഴ്നാട് കണ്ടത്. ക്യാപ്റ്റന്റെ രാഷ്ട്രീയ ജീവിതം മങ്ങിത്തുടങ്ങിയതും ആ തിരഞ്ഞെടുപ്പു മുതലായിരുന്നു. പക്ഷേ, അതുകൊണ്ടൊന്നും തളരാൻ വിജയകാന്ത് ഒരുക്കമായിരുന്നില്ല. നവംബർ 15ന് അശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അദ്ദേഹം മരിച്ചുവെന്ന തരത്തിൽ കിംവദന്തികളുണ്ടായി. ഡിസംബർ 18ന് ആശുപത്രി വിട്ട അദ്ദേഹം ഉടൻ തന്നെ ഡി.എം.ഡി.കെ യോഗത്തിൽ എത്തി. ഭാര്യ പ്രേമലതയെ പാർട്ടിയുടെ തന്റെ പിൻഗാമി ആയി പ്രഖ്യാപിക്കുകയും ചെയ്തു.
തുടക്കം കുതിപ്പ്, പിന്നെ കിതപ്പ്
2005ലാണ് ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം എന്ന പേരിൽ വിജയകാന്ത് രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയത്. അണ്ണാ ഡി.എം.കെയിൽനിന്നു പുറത്തുവന്ന പ്രമുഖ രാഷ്ട്രീയ നേതാവ് പന്റുട്ടി രാമചന്ദ്രനായിരുന്നു പാർട്ടി രൂപവത്കരണത്തിൽ വിജയകാന്തിന്റെ തലച്ചോറായി പ്രവർത്തിച്ചത്.
വിജയകാന്ത് പ്രസിഡന്റും പന്റുട്ടി രാമചന്ദ്രൻ പ്രീസീഡിയം ചെയർമാനും ഫാൻസ് അസോസിയേഷൻ പ്രസിഡന്റായിരുന്ന രാമു വസന്തൻ ജനറൽ സെക്രട്ടറിയുമായായിരുന്നു പാർട്ടിയുടെ തുടക്കം. 2006ൽ 234 സീറ്റിൽ പാർട്ടി തനിച്ച് മത്സരിച്ചെങ്കിലും വിജയിച്ചത് വിജയകാന്ത് മത്സരിച്ച വിരുദാചലം മണ്ഡലത്തിൽ മാത്രം. എന്നാൽ, എട്ടരശതമാനം വോട്ടുവിഹിതം നേടി. 2009 ലോക്സഭാ തിരഞ്ഞെടുപ്പിലും തനിച്ചായിരുന്നു മത്സരം. പത്തുശതമാനം വോട്ടുനേടി.
2011ലെ തിരഞ്ഞെടുപ്പിൽ അണ്ണാഡി.എംകെയുമായി സഖ്യത്തിലായി. ഡി.എം.ഡി.കെ മത്സരിച്ച 41ൽ 29 ഇടത്ത് വിജയിച്ചു. 150 സീറ്റുകൾ ലഭിച്ച അണ്ണാ ഡി.എം.കെ അധികാരത്തിലെത്തി. അധികനാൾ കഴിയുംമുമ്പെ ജയലളിതയുമായി തെറ്റി വിജയകാന്ത് 29 പേരുമായി പ്രതിപക്ഷത്തിരുന്നു. പ്രതിപക്ഷ നേതാവായി.
ഇതിനിടെയാണ് പാർട്ടിയിൽ ആഭന്തരപ്രശ്നങ്ങളുണ്ടാകുന്നത്. പാർട്ടിയിൽ വിജയകാന്തിന്റെ ഭാര്യ പ്രേമലതയും ഭാര്യാസഹോദരൻ സുധീഷും പിടിമുറുക്കിയതോടെ പന്റുട്ടി അണ്ണാ ഡി.എം.കെയിലേക്ക് മടങ്ങി. എട്ട് എം.എൽ.എമാരും അങ്ങോട്ടു പോയി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നണിക്കൊപ്പം ചേർന്ന് 14 സീറ്റിൽ മത്സരിച്ചെങ്കിലും ഒന്നിൽ പോലും ജയിച്ചില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും എൻ.ഡി.എയിൽ ചേക്കേറിയെങ്കിലും മത്സരിച്ച നാലിടത്തും തോറ്റു. പിന്നീട് വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 60 സീറ്റിലും തോറ്റു. വോട്ടു ശതമാനം 0.43 ലേക്ക് കൂപ്പുകുത്തി.