
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ കെ സ്മാർട്ട് ജനുവരി ഒന്നിന് തുടങ്ങുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ സ്മാർട്ട് മൊബൈൽ ആപ്പ് മന്ത്രി പി.രാജീവ് പുറത്തിറക്കും.
ആദ്യഘട്ടത്തിൽ കോർപ്പറേഷനുകളിലും നഗരസഭകളിലും മുനിസിപ്പാലിറ്റികളിലുമാണ് നടപ്പാക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇൻഫർമേഷൻ കേരള മിഷനാണ് കെ സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ ) വികസിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് വിപുലമായൊരു ഓൺലൈൻ സേവനം തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസ്, വസ്തു നികുതി, യൂസർ മാനേജ്‌മെന്റ്, ഫയൽ മാനേജ്‌മെന്റ്, ഫിനാൻസ് മോഡ്യൂൾ, കെട്ടിട അനുമതി, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളാണ് കെ സ്മാർട്ടിലൂടെ ലഭ്യമാക്കുക.
മെമ്മറി കാർഡ് പരിശോധന:
നടി കോടതിക്ക് കത്തുനൽകി
കൊച്ചി: തന്നെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ നീതിപൂർവകമായ അന്വേഷണം വേണമെന്നും പരിശോധിക്കാനുപയോഗിച്ച മൊബൈൽ ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് യുവനടി വിചാരണക്കോടതിക്ക് കത്തു നൽകി. ഒരു വിവോ ഫോണിൽ കാർഡ് ഇട്ട് ദൃശ്യങ്ങൾ കണ്ടതായി പരിശോധനാ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ ഫോൺ ആരുടേതാണെന്ന് കണ്ടെത്തണം. ദൃശ്യങ്ങൾ പുറത്തുപോകാതെ മുൻകരുതൽ വേണം. ദൃശ്യങ്ങൾ ചോർന്നാൽ ജീവിതം പ്രതിസന്ധിയിലാകുമെന്നും കത്തിൽ പറയുന്നു.
കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പരിശോധിച്ചതിൽ ഒരുമാസത്തനികം വിശദമായ അന്വേഷണം നടത്താൻ വിചാരണക്കോടതിക്ക് ഹൈക്കോടതി ഡിസംബർ ഏഴിന് നിർദ്ദേശം നൽകിയിരുന്നു. അതിജീവിതയ്ക്ക് പറയാനുള്ള കാര്യങ്ങൾ രേഖാമൂലം നൽകാമെന്നും ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗ്ഗീസിന് കത്തു നൽകിയത്.