തിരുവനന്തപുരം: കളരി തൊട്ടു വണങ്ങി, ആചാരങ്ങൾ അനുഷ്ഠിച്ച് വധൂവരന്മാർ കളരിത്തറയിൽ ഒരുക്കിയ കതിർമണ്ഡപത്തിലെത്തി. ചരിത്രത്തിലെ ആദ്യത്തെ 'കളരിക്കല്യാണത്തിനാണ്' ഇന്നലെ നേമത്തെ അഗസ്ത്യം കളരി വേദിയായത്. കളരിയിൽ പരിശീലിക്കുന്ന കുരുന്നുകൾ ചുവടുവച്ച് വാളും പരിചയുമേന്തി 25കാരനായ വരൻ രാഹുൽ സുരേഷിനെ ആനയിച്ചു. കച്ച കെട്ടി രുദ്രാക്ഷവും കല്ല് മാലയുമണിഞ്ഞാണ് രാഹുലെത്തിയത്.
24കാരിയായ ശില്പകൃഷ്ണയായിരുന്നു വധു. ഉച്ചയ്ക്ക് 12നും 12.45നും ഇടയിലുള്ള മുഹൂർത്തത്തിൽ ശില്പയുടെ അച്ഛൻ ജയകുമാർ മകളുടെ കൈപിടിച്ച് രാഹുലിന് കൊടുത്തു. നരുവാംമൂട് സ്വദേശിയായ രാഹുലും ഊക്കോട് സ്വദേശി ശില്പയും കളരിയിൽ വച്ചാണ് പരിചയപ്പെടുന്നത്. വീട്ടുകാർ മുൻകൈയെടുത്തതോടെ ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചു.
സെക്രട്ടേറിയറ്റിലെ ജോലിയിൽ നിന്ന് ദീർഘകാല അവധിയെടുത്താണ് രാഹുൽ കളരി പരിശീലിക്കാനെത്തിയത്. കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗിന് ശേഷമാണ് ശില്പ കളരിയിലേക്ക് പൂർണമായി തിരിഞ്ഞത്. 'കളരി തന്നെയാണ് ജീവിതം. അതിനാലാണ് ഇത്തരത്തിലൊരു കല്യാണം നിശ്ചയിച്ചത്.' വിവാഹശേഷം രാഹുൽ പറഞ്ഞു. ഗുരുക്കൾ മഹേഷും പിന്തുണയേകി. ചടങ്ങുകൾക്ക് ശേഷം കളരിക്ക് പുറത്ത് സദ്യയൊരുക്കി. രാഹുലിന്റെ അച്ഛൻ സുരേഷ് കുമാർ,അമ്മ ജയശ്രീ, ശില്പയുടെ അച്ഛൻ ജയകുമാർ,അമ്മ ബീന എന്നിവർക്ക് പുറമെ എ.എ.റഹീം എം.പി,രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ.ബിജു രമേഷ് തുടങ്ങിയവർ പങ്കെടുത്തു.