തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിനാവശ്യമായ ക്രെയിനുകളുമായി ചൈനയിൽനിന്നുള്ള നാലാമത്തെ കപ്പൽ നാളെ എത്തിച്ചേരും.ഷെൻഹുവ-15 എന്ന കപ്പലിൽ രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളുമാണ് ഉണ്ടാവുക.വിഴിഞ്ഞത്ത് ക്രെയിനുമായെത്തിയ ആദ്യ കപ്പലാണ് ഷെൻഹുവ-15. ഇത് രണ്ടാംതവണയാണ് ക്രെയിനുകളും വഹിച്ച് വിഴിഞ്ഞത്ത് എത്തുന്നത്. ആദ്യത്തെ രണ്ടുതവണ കപ്പലുകൾ പുറംകടലിൽനിന്ന് തുറമുഖത്തേക്കെത്താൻ സർക്കാരിന്റെ അനുമതി വൈകിയതിനാൽ കാലതാമസമുണ്ടായി. എന്നാൽ മൂന്നാമത്തെ കപ്പൽ എത്തിയപ്പോൾ അനുമതി വേഗത്തിൽ ലഭിച്ചതോടെ പ്രശ്നം ഒഴിവായി. അതിനാൽ നാലാമത്തെ കപ്പലും വേഗത്തിൽ തുറമുഖ ബർത്തിലെത്തിച്ച് ക്രെയിനുകൾ ഇറക്കാൻ സാധിക്കുമെന്നാണ് തുറമുഖത്തിന്റെ നിർമ്മാണച്ചുമതലയുള്ള അദാനി ഗ്രൂപ്പ് വൃത്തങ്ങളുടെ പ്രതീക്ഷ.ആദ്യത്തെ മൂന്ന് കപ്പലുകളിലായി 10 ക്രെയിനുകളാണെത്തിയത്. 2024 മേയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന തുറമുഖത്തിന്റെ ആദ്യഘട്ടത്തിനായി ആകെ 32 ക്രെയിനുകളാണ് വേണ്ടത്. ഇതിൽ എട്ടെണ്ണം ഷിപ്പ് ടു ഷോർ ക്രെയിനുകളും 24 എണ്ണം യാർഡ് ക്രെയിനുകളുമാണ്. വരുംമാസങ്ങളിൽ ശേഷിക്കുന്ന ക്രെയിനുകളുമായി കൂടുതൽ കപ്പലുകളെത്തും.ഇതുവരെ എത്തിയ ക്രെയിനുകളെല്ലാം തുറമുഖത്ത് സ്ഥാപിച്ചുകഴിഞ്ഞു. ചൈനീസ് കമ്പനിയായ ഇസഡ്.പി.എം.സിയിൽ നിന്നുള്ളതാണ് ക്രെയിനുകൾ.
അതേസമയം ക്രെയിനുകൾ എത്തിക്കുന്നതിനൊപ്പം തുറമുഖത്തിന്റെ മറ്റു നിർമ്മാണപ്രവർത്തനങ്ങളും ദ്രുതഗതിയിൽ മുന്നോട്ടുപോകുന്നുണ്ട്.നിലവിൽ പുലിമുട്ടിന്റെ നിർമ്മാണം 70 ശതമാനത്തിലധികം പൂർത്തിയായി. രണ്ടാമത്തെ ബർത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.