general

പ്രതിഷേധവുമായി നാട്ടുകാർ

ബാലരാമപുരം: കോവളം നിയോജകമണ്ഡലത്തിലെ കോട്ടുകാൽ പഞ്ചായത്ത് ഗ്രാമീണറോഡുകളുടെ പുനഃരുദ്ധാരണം വൈകുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പയറ്റുവിള ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പയറ്റുവിള –മന്നോട്ടുകോണം,​ പയറ്റുവിള – ഇടപ്പുള്ളി റോഡുകളാണ് വർഷങ്ങളായി ശോചനീയാവസ്ഥയിലുളളത്. തുച്ഛമായ ഫണ്ടുപയോഗിച്ചുളള ഗ്രാമീണ റോഡുകളുടെ ടാറിംഗ് കാരണം കാലാവധി പൂർത്തിയാകും മുൻപേ റോഡിൽ കുഴി രൂപപ്പെട്ട് പൊട്ടിപ്പൊളിയുന്നത് പതിവാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമീണ റോ‌ഡുകൾക്ക് ദീർഘകാല സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുനഃരുദ്ധാരണം അടിയന്തരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് വി.എസ്.ഡി.പി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പയറ്റുവിള- ഇടപ്പുള്ളി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പയറ്റുവിള റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജയപ്രകാശ്.കെ,​ സെക്രട്ടറി ശശികുമാർ.എസ്,​ ട്രഷറർ അനിൽകുമാർ എന്നിവരുൾപ്പെടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി,​ ജലസേചന വകുപ്പ് മന്ത്രി,​ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി,​ എം.പി എന്നിവർക്ക് നിവേദനം നൽകി.

റോഡ് അടിയന്തരമായി നവീകരിക്കണം

റോഡ് നവീകരണത്തോടൊപ്പം ഓടയുടെ നിർമ്മാണവും പൂർത്തീകരിക്കണം. നിരവധി സ്കൂൾ വാഹനങ്ങൾ പയറ്റുവിള ജംഗ്ഷൻ വഴി നിത്യേന കടന്നുപോകുന്നുണ്ട്. കോവളം നിയോജക മണ്ഡലത്തിലെ മിക്ക ഗ്രാമീണറോഡുകളുടെയും പുനഃരുദ്ധാരണം ഫണ്ടില്ലെന്ന കാരണത്താൽ വൈകുകയാണ്. റോഡിനു നടുവിലെ അഗാധമായ കുഴികൾ ബൈക്ക് യാത്രക്കാർക്കും വെല്ലുവിളിയാണ്. പയറ്റുവിള –മന്നോട്ടുകോണം റോഡിലെ ടാർ ഒലിച്ചുപോയതിനാൽ ബൈക്ക്,​ഓട്ടോ ടാക്സി എന്നിവയ്ക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഓട നവീകരണം കൃത്യമായി നടക്കാത്തതിനാൽ റോഡ് പൂർണമായും തകർന്നുകഴിഞ്ഞു.

അനാസ്ഥ

ബില്ലുകൾ യഥാസമയം കൈമാറാത്തതു കാരണം കരാറുകാരാരും തന്നെ റോഡ് നവീകരണം പൂർത്തിയാക്കുന്നില്ല

ഇടറോഡായതുകാരണം ബ്ലോക്ക് –ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ ഫണ്ട് അനുവദിക്കുന്നില്ലെന്ന പരാതിയുമുണ്ട്