p

തിരുവനന്തപുരം: മോദി ഭരണകൂടം ഒരിക്കൽക്കൂടി അധികാരത്തിൽ വന്നാൽ രാജ്യത്തെ കാത്തിരിക്കുന്നത് മഹാദുരന്തമാണെന്നും, അതിന് തടയിടുകയാണ് കോൺഗ്രസിന്റെ ഉത്തരവാദിത്വമെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി പറഞ്ഞു. ഇന്ദിരാഭവനിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം സ്ഥാപകദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും കോൺഗ്രസ് കൂടുതൽ കരുത്താർജ്ജിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പാർട്ടി കരുത്തുറ്റതായില്ലെങ്കിൽ രാജ്യം മഹാവിപത്തിലേക്ക് പോകും. ഭരണഘടനാ മൂല്യങ്ങൾ ആക്രമിക്കപ്പെടുകയും ജനാധിപത്യം പിച്ചിച്ചീന്തപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിതെന്നും ആന്റണി പറഞ്ഞു.

രാജ്യത്തിന്റെ പവിത്രമായ പാരമ്പര്യത്തേയും ജനാധിപത്യത്തേയും മോദി ഭരണകൂടം കശാപ്പ് ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കോൺഗ്രസിന്റേത് വർഗീയ-ഫാസിസ്റ്റ് വിരുദ്ധ മുഖമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ ഡോ.ശശി തരൂർ എം.പിയും കൊടിക്കുന്നിൽ സുരേഷ് എം.പിയും ആശംസാപ്രസംഗം നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ൺ,ജിഎസ്. ബാബു, ജി.സുബോധൻ,കെ.പി.ശ്രീകുമാർ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി, ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. 83 -ാം പിറന്നാൾ ആഘോഷിക്കുന്ന എ.കെ. ആന്റണിക്ക് നേതാക്കൾ ജന്മദിനാശംസ നേർന്നു. കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ കേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുറിച്ച് നേതാക്കൾക്ക് നൽകി.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി കണ്ണൂർ ഡി.സി.സി ഓഫീസിൽ പാതക ഉയർത്തി സ്ഥാപക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. രാജ്യം ഭരിക്കുന്ന വർഗീയ ഫാസിസ്റ്റ് ഭരണകൂടം ചരിത്രം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമ്പോൾ,നാടിന്റെ ഐക്യവും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കോൺഗ്രസിന്റെ അസ്തിത്വം അരക്കിട്ടുറപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.