കല്ലറ: പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ സ്റ്റേഡിയം, നെല്ലനാട് പഞ്ചായത്തിലെ ആലന്തറ നീന്തൽക്കുളം എന്നിവ ആധൂനിക രീതിയിൽ നിർമ്മിക്കുന്നതിനായി ഓരോ കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഭരതന്നൂർ സ്റ്റേഡിയത്തിനായി ഫുട്ബോൾ, വോളീബോൾ, ക്രിക്കറ്റ്, ബാഡ്‌മിന്റൺ, കബഡി തുടങ്ങിയ കളിക്കുന്നതിനുള്ള മൾട്ടി കോർട്ട് സംവിധാനമാണ് ഒരുക്കുക. മൂന്നു തട്ടുകളായി കരിങ്കല്ലിൽ സജ്ജീകരിച്ച സ്റ്റെപ് ഗ്യാലറി, ലൈറ്റിംഗ് തുടങ്ങിയവയും ഉണ്ടാകും. നിലവിലുള്ള ടോയ്‌ലെറ്റ്, കോംപൗണ്ട് വാൾ, സ്റ്റേജ് എന്നിവയും നവീകരിക്കും.

വെഞ്ഞാറമൂട്, നെല്ലനാട്, പ്രദേശങ്ങളിലെ ചിരകാല അഭിലാഷമാണ് ആലന്തറ നീന്തൽക്കുളം നവീകരിക്കുന്നതിലൂടെ സാക്ഷാത്കരിക്കുന്നത്. ശോചനീയാവസ്ഥയിലായിരുന്ന നിലവിലുള്ള നീന്തൽക്കുളം അപ്ഗ്രേഡ് ചെയ്യുന്ന തോടൊപ്പം പൂളിനു ചുറ്റും ഇന്റർലോക്ക്, റോഡിൽ നിന്നുള്ള നടപ്പാത, ഡക്ക് ഏരിയാ, ഫെൻസിംഗ് എന്നിവയുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉടൻ തന്നെ സാങ്കേതികാനുമതി ലഭ്യമാക്കി പുതുവർഷാരംഭത്തോടെ ടെണ്ടർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് ഡി.കെ. മുരളി എം.എൽ എ പറഞ്ഞു.

ഇതു കൂടാതെ എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വീതം അനുവദിച്ച വാമനപുരം കളമച്ചൽ നീന്തൽക്കുളത്തിനും പനവൂർ വെള്ളാഞ്ചിറ സ്റ്റേഡിയത്തിന്റെയും എസ്റ്റിമേറ്റ് തയാറാക്കി കായിക വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഒരു കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ച കല്ലറ തണ്ണിയം സ്റ്റേഡിയത്തിന്റെ ടെണ്ടർ നടപടികളുമായിട്ടുണ്ട്. പദ്ധതികൾ നടപ്പാകുന്നതോടെ മണ്ഡലത്തിൽ നിരവധി കായിക പ്രതിഭകളെ സൃഷ്ടിക്കാനും അതുവഴി നിരവധി തൊഴിലവസരങ്ങളും സാദ്ധ്യമാകുമെന്നും ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു.