photo

നെടുമങ്ങാട്: പകർച്ചവ്യാധികളും പ്രകൃതി ദുരന്തങ്ങളും പെരുവഴിയിലാക്കിയ മലയോര വിപണിക്കും ചെറുകിട - ഇടത്തരം വ്യാപാര കേന്ദ്രങ്ങൾക്കും ഇരുട്ടടിയായി അനിയന്ത്രിതമായ നികുതി വർദ്ധന. മലഞ്ചരക്ക് വിപണിക്ക് പേരുകേട്ട നെടുമങ്ങാട് താലൂക്കിൽ കെട്ടിടനികുതിയും തൊഴിൽക്കരവും താങ്ങൻവയ്യാതെ അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങൾ നിരവധി. ന്യൂജെൻ ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ വായ്പയെടുത്തും കിടപ്പാടം പണയപ്പെടുത്തിയും പ്രവർത്തിക്കുന്ന വ്യാപാരശാലകൾക്ക് താങ്ങാവുന്നതല്ല പുതിയ നിരക്കുകൾ. ജി.എസ്.ടി, മുനിസിപ്പാലിറ്റി- പഞ്ചായത്ത് ലൈസൻസ്, ലേബർ രജിസ്ട്രേഷൻ, ഹെൽത്ത് കാർഡ്, ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസ്, സാനിട്ടറി ലൈസൻസ്, ഇ.എസ്.ഐ തുടങ്ങിയ ഇനങ്ങളിലാണ് കച്ചവടക്കാരെ അധികൃതർ പിഴിയുന്നത്. ആറു മാസം മുമ്പ് ലൈസൻസിന് 500 രൂപ ഈടാക്കിയിരുന്നത് ഇപ്പോൾ ഇരട്ടിയാണ്. തൊഴിൽ കരം 500ൽ നിന്ന് രണ്ടായിരം രൂപയായി വർദ്ധിപ്പിച്ചു. 1,500 രൂപ കെട്ടിടനികുതി ഒടുക്കിയിരുന്ന നെടുമങ്ങാട്ടെ ഒരു കച്ചവടക്കാരനിൽ നിന്ന് കഴിഞ്ഞ ദിവസം ഈടാക്കിയത് 32,500 രൂപ! വൈദ്യുതി, വെള്ളക്കരം വർദ്ധനവും കച്ചവടക്കാർക്ക് താങ്ങാവുന്നതല്ല. ആതുരാലയങ്ങൾ, പൊതുയിടങ്ങൾ, അഗതി മന്ദിരങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തുന്നതിന് കാതലായ സംഭാവനകൾ നല്കിപ്പോന്നിരുന്ന വ്യാപാരികൾ അവയിൽ നിന്നെല്ലാം പിന്മാറാൻ നിർബന്ധിതരാവുകയാണ്.

വിപണി കീഴടക്കി ഓൺലൈൻ

കൊവിഡിനു ശേഷം ഓൺലൈൻ വിപണിയെ ആശ്രയിക്കുന്ന മലയോര വാസികളുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധന ചെറുകിട-ഇടത്തരം കച്ചവടക്കാരുടെ നിലനിൽപ്പ് അപകടത്തിലാക്കി. കടകളിൽ ആളുകൾ കയറുന്നത് തീരെ കുറഞ്ഞെന്ന് കച്ചവടക്കാർ പരാതിപ്പെടുന്നു. ഇക്കുറി ക്രിസ്മസ്- പുതുവത്സര വിപണിയും പതിവുപോലെ തുണച്ചില്ല. മാസങ്ങളോളം തുടരെ പെയ്ത മഴയിൽ റബർ ടാപ്പിംഗ്, കെട്ടിട നിർമ്മാണ മേഖലകളിൽ ഉണ്ടായ സ്തംഭനത്തിൽ നിന്ന് പുതുവത്സരം മോചനമേകുമെന്ന പ്രതീക്ഷയാണ് തെറ്റുന്നത്. വ്യാപാരി ക്ഷേമ ബോർഡ് കച്ചവടക്കാരുടെ ക്ഷേമ പെൻഷൻ 1,600 രൂപയായി ഉയർത്തിയെങ്കിലും നാല് മാസത്തെ കുടിശ്ശിക കിട്ടാനുണ്ട്. ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കുന്നതിനു സർക്കാർ ആവിഷ്കരിച്ച പാക്കേജുകൾ പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്ന ആക്ഷേപവുമുണ്ട്.

 50 കുടുംബങ്ങൾക്ക് വ്യാപാരി സുരക്ഷ

വ്യാപാരി മരണപ്പെട്ടാൽ കുടുംബം അനാഥമാകാതിരിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഏർപ്പെടുത്തിയ കുടുംബ സുരക്ഷാ പദ്ധതി പ്രതിസന്ധികാലത്ത് കച്ചവടക്കാർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. അംഗമായ വ്യാപാരി മരണപ്പെട്ടാൽ കുടുംബത്തിന് പരസ്പര സഹായത്തിലൂടെ 10 ലക്ഷം രൂപ ലഭിക്കുന്നതാണ് പദ്ധതി. ഇതിനകം 50 കുടുംബങ്ങൾക്ക് ഈ പദ്ധതി വെളിച്ചം പകർന്നിട്ടുണ്ട്.