
തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉൾപ്പാർട്ടി ഐക്യം ശക്തമാക്കാൻ പാടു പെടുന്ന സംസ്ഥാന കോൺഗ്രസിന് അടുത്ത തലവേദനയായി അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം.
ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാട് മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം.സുധീരനും കെ.മുരളീധരനും പരസ്യമായി പ്രഖ്യാപിച്ചു.ദേശീയ നേതൃത്വം അഭിപ്രായം ചോദിച്ചാൽ പറയാമെന്ന മയപ്പെട്ട നിലയിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പ്രതികരിച്ചപ്പോൾ, ക്ഷണം സ്വീകരിക്കണമോയെന്ന് വ്യക്തികൾക്ക് തീരുമാനിക്കാമെന്നാണ്
ശശി തരൂർ പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാവട്ട വിഷയത്തിൽ പരസ്യനിലപാട് എടുത്തിട്ടില്ല.
ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന വികാരം ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പല നേതാക്കളും ധരിപ്പിച്ചതായാണ് വിവരം. ഉത്തരവാദിത്തം
സംസ്ഥാന നേതാക്കൾ കൈ കഴുകിയതോടെ, വെട്ടിലായത് ദേശീയ നേതൃത്വവും. വിശ്വാസം ആരുടേതായാലും അത് സംരക്ഷിക്കപ്പെടണമെന്ന നിലപാടേ മതേതര പാർട്ടിയായ കോൺഗ്രസിന് എടുക്കാൻ കഴിയൂവെന്ന അഭിപ്രായമാണ് ചില മുതിർന്ന നേതാക്കൾക്ക്. ക്ഷണം സ്വീകരിക്കുന്നത് ലീഗ് ഉൾപ്പെടെ കോൺഗ്രസുമായി അടുപ്പമുള്ള ചില വിഭാഗങ്ങളിൽ അതൃപ്തിയുണ്ടാക്കുമോയെന്ന ആശങ്കയുമുണ്ട്.
പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കോൺഗ്രസിനെ കെണിയിൽപ്പെടുത്താനുള്ള ബി.ജെ.പി തന്ത്രം വിജയിക്കില്ലെന്നുമുള്ള ഒഴുക്കൻ മറുപടിയാണ് കെ,സി വേണുഗോപാലിൽ നിന്നുണ്ടായത്.പ്രതിപക്ഷത്തെ വെട്ടിലാക്കാനാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും പൂജാരികളോ ട്രസ്റ്രികളോ ചെയ്യേണ്ട കാര്യമാണ് പ്രധാനമന്ത്രി ചെയ്യാൻ പോകുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുരളീധരൻ പറഞ്ഞു.
പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിലപാട് സ്വീകരിക്കേണ്ടത് എ.ഐ.സി.സി ആണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്ന കെ.മുരളീധരൻ എം.പിയുടെ പരാമർശത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു.
ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത് വ്യക്തികളെയാണെന്നും, തീരുമാനമെടുക്കേണ്ടത് വ്യക്തികളാണെന്നുമാണ് തരൂർ പ്രതികരിച്ചത്. കോൺഗ്രസിനെ ആരു ക്ഷണിച്ചാലും നിരാകരിക്കണമെന്ന കടുത്ത നിലപാടിലാണ് സുധീരൻ .
പോകണോ വേണ്ടയോ :
കോൺഗ്രസ് നേതൃത്വം
ധർമ്മ സങ്കടത്തിൽ
ന്യൂഡൽഹി : അയോദ്ധ്യ ശ്രീരാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കണോ എന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം . ജനുവരി 22ലെ ചടങ്ങിലേക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം.
പോകില്ലെന്ന് 'ഇന്ത്യ' സഖ്യത്തിലെ സി.പി.എമ്മും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ്, ജെ.ഡി.യു, ആർ.ജെ.ഡി, ഫോർവേഡ് ബ്ലോക്ക് തുടങ്ങി കൂടുതൽ പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് സൂചന നൽകി. സമാജ് വാദി പാർട്ടിക്ക് ക്ഷണം ലഭിച്ചിട്ടില്ലെങ്കിലും, കത്ത് കിട്ടിയാൽ പോകുമെന്നാണ് സൂചന.
ചടങ്ങിന് പോകണമെന്ന അഭിപ്രായമാണ് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനുള്ളത്. പങ്കെടുക്കുന്നതിലെ എതിർപ്പ് നേതൃത്വത്തെ കേരള ഘടകം അറിയിച്ചിട്ടുണ്ട്. പശ്ചിമബംഗാളും എതിർപ്പറിയിച്ചുവെന്നാണ് സൂചന. എന്നാൽ, ഉത്തർപ്രദേശ് ഘടകത്തിന് ചടങ്ങിൽ പങ്കെടുക്കണമെന്ന നിലപാടാണ്.പോയില്ലെങ്കിൽ ഹിന്ദു വിരുദ്ധ പാർട്ടിയെന്ന് മുദ്രകുത്തുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക.പോയാൽ ,ബി.ജെ.പിയുടെ കെണിയിൽ
വീണെന്നാവും ആക്ഷേപം. പ്രതിഷ്ഠാ ദിനത്തിൽ പവിത്രത എവിടെയെന്ന് ചോദിച്ച ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റൗത്, ബി.ജെ.പി സംഘടിപ്പിക്കുന്ന പരിപാടിക്ക് ശേഷം അയോദ്ധ്യയിൽ പോകുമെന്ന് വ്യക്തമാക്കി.
നിലപാട് സ്വീകരിക്കേണ്ടത് എ.ഐ.സി.സി:കെ.സുധാകരൻ
കണ്ണൂർ: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിലപാട് സ്വീകരിക്കേണ്ടത് എ.ഐ.സി.സി ആണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.
സമസ്തയുടെ വിമർശനത്തോട് പ്രതികരിക്കാനില്ല. അതെല്ലാം അവരുടെ തീരുമാനമാണ്. ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്ന കെ.മുരളീധരൻ എം.പിയുടെ പരാമർശത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു.