news

തിരുവനന്തപുരം: സംസഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പി.എം-ഉഷ (പ്രധാനമന്ത്രി ഉച്ചതാർ സർവ ശിക്ഷാ അഭിയാൻ) പ്രകാരം കിട്ടേണ്ട 700 കോടിയോളം രൂപയുടെ സഹായം നഷ്ടമാവേണ്ടെങ്കിൽ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്.

കേന്ദ്ര നയം അംഗീകരിച്ച് ധാരണാപത്രം ഒപ്പിടാൻ നേരത്തേ കേന്ദ്രം ഉപാധി വച്ചെങ്കിലും കേരളം വഴങ്ങിയിരുന്നില്ല. വിദ്യാഭ്യാസ നയം അംഗീകരിക്കാതെ ധാരണാപത്രം

ഒപ്പിട്ടയച്ചതിനെ തുടർന്നാണ് ഉന്നത വിദ്യാഭ്യാസ അഡി.ചീഫ്സെക്രട്ടറിക്ക് കേന്ദ്രം വീണ്ടും കത്തയച്ചത്. ഒപ്പിടാൻ കത്തിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല. വിദ്യാഭ്യാസ നയത്തിലെ ഉടക്ക് കാരണം 700 കോടി തുലാസിലായെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

സർവകലാശാലകൾക്ക്

100 കോടിയുടെ സഹായം

□സർവകലാശാലകൾ, സർക്കാർ,​ എയ്ഡഡ്, സ്വയംഭരണ കോളേജുകൾ എന്നിവിടങ്ങളിൽ അടിസ്ഥാനസൗകര്യ വികസനത്തിനും അദ്ധ്യാപക പരിശീലനത്തിനും ഗവേഷണത്തിനുമാണ് കേന്ദ്രസഹായം.

□രണ്ടു ഘട്ടങ്ങളായി 565 കോടി നേരത്തേ അനുവദിച്ചതിൽ 81കോടി കിട്ടാനുണ്ട്. മൂന്നാം ഘട്ടത്തിന് അപേക്ഷിക്കാറായപ്പോഴാണ് കേന്ദ്രം ഉപാധി വച്ചത്. 161സ്ഥാപനങ്ങളിൽ ഫണ്ടുപയോഗിച്ചുള്ള വികസന പദ്ധതികൾ പുരോഗമിക്കുന്നു.

□20മുതൽ 50കോടി വരെയായിരുന്ന വാഴ്സിറ്റികൾക്കുള്ള സഹായം ഇത്തവണ 100കോടിയാക്കിയിട്ടുണ്ട്. കോളേജുകൾക്ക് രണ്ടു കോടി നൽകിയിരുന്നത് അഞ്ച് കോടിയാക്കി.

□കേരള, കാലിക്കറ്റ്, സംസ്കൃത വാഴ്സിറ്റികളടക്കം പദ്ധതിരേഖ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന് നൽകാനായിട്ടില്ല.

□പദ്ധതിയിൽ 60% കേന്ദ്രത്തിന്റെയും 40% സംസ്ഥാനത്തിന്റെയും വിഹിതമാണ്.

കേന്ദ്രനയം

അതേപടി പറ്റില്ല

□നാലു വർഷ ബിരുദം നിർബന്ധമാക്കുമെങ്കിലും ദേശീയ വിദ്യാഭ്യാസ നയം അതേ പടി നടപ്പാക്കാനാവില്ലെന്നാണ് കേരളത്തിന്റെ നിലപാട്.

□കേന്ദ്ര നയ പ്രകാരം നാലു വർഷ ബിരുദത്തിൽ ആദ്യ വർഷം മുതൽ എക്സിറ്റ് അനുവദിച്ചാൽ വിദ്യാർത്ഥികളില്ലാതെ കോളേജുകൾ പൂട്ടേണ്ടി വരും.

□നിലവിലെ ക്രെഡിറ്റുകൾ വിദ്യാർത്ഥികൾക്ക് ഏത് വാഴ്സിറ്റിയിലേക്കും കോളേജിലേക്കും മാറ്റാനാവണം. കേന്ദ്ര നയത്തിൽ ഇതിന് നിയന്ത്രണം.