തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിന് ഇന്നലെ ഇന്ത്യൻ പാർലമെന്റിന്റെ ഗൗരവമുണ്ടായിരുന്നു. കുടുംബശ്രീ ബാലസഭാംഗങ്ങളുടെ നേതൃത്വത്തിൽ പഴയ നിയമസഭാമന്ദിരത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ബാല പാർലമെന്റിൽ പ്രതിപക്ഷം രൂക്ഷമായ ഭാഷയിൽ സർക്കാരിനെ വിമർശിച്ച് വാക്കൗട്ട് നടത്തി. രാജ്യത്ത് കുട്ടികൾ നേരിടുന്ന ക്രൂരമായ അതിക്രമങ്ങൾക്കെതിരെ സർക്കാർ ഗൗരവപൂർണമായ നടപടികൾ കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപം ഉന്നയിച്ചായിരുന്നു വാക്കൗട്ട്.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ സഭ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ നിരസിച്ചതോടെ വാക്‌പോര് കടുത്തു. കുട്ടികളുടെ അവകാശസംരക്ഷണ പദ്ധതികളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ശിവനന്ദൻ സി.എ ശബ്ദമുയർത്തി. ക്രിയാത്മക ഇടപെടലുകളാണ് പ്രതിപക്ഷത്തുനിന്ന് പ്രതീക്ഷിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി നയന വിഷയം സഭനിറുത്തിവച്ച് ചർച്ചചെയ്യേണ്ട ആവശ്യമില്ലെന്ന് തിരിച്ചടിച്ചു. ഇതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. സഭാനടപടികൾ പൂർത്തീകരിച്ച് രണ്ട് മണിയോടെ പാർലമെന്റ് പിരിഞ്ഞു.
ജില്ലാതല പാർലമെന്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 11 വീതം കുട്ടികളാണ് ബാലപാർലമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. ഇവർക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 26, 27 തീയതികളിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വിപുലമായ പരിശീലനപരിപാടികളും സംഘടിപ്പിച്ചിരുന്നു.
കാസർകോട്ടു നിന്നുള്ള സൂരജ .കെ.എസ് ആയിരുന്നു രാഷ്‌ട്രപതി. ആലപ്പുഴയിൽ നിന്നെത്തിയ അസ്‌മിൻ .എസ് സ്‌പീക്കറായി.