ആലപ്പുഴ: ആളില്ലാതിരുന്ന വീട്ടിൽനിന്ന് 18 പവനും 16000 രൂപയും കവർന്ന സംഭവത്തിൽ പ്രതി അന്യസംസ്ഥാന തൊഴിലാളികളാണെന്ന സൂചനയെത്തുടർന്ന് ആ വഴിക്ക് അന്വേഷണം ശക്തമാക്കി ആലപ്പുഴ സൗത്ത് പൊലീസ്. ആലപ്പുഴ ബീച്ച് റോഡിൽ അനന്തരാജന്റെ ക്‌ളബ് ഹൗസിൽ കഴിഞ്ഞ വ്യാഴാഴ്ചക്കും ശനിയാഴ്ചക്കും ഇടയിലുള്ള രാത്രിയിലാണ് മോഷണം നടന്നത്. അനന്തരാജനും ഭാര്യ മണിയും മകൾ സീതയും എറണാകുളത്ത് പോയശേഷം ശനിയാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ മൂന്ന് അലമാരകളും അതിലെ ലോക്കറുകളും കുത്തിത്തുറന്നാണ് പണവും സ്വർണവും കവർന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടാക്കൾ കൊണ്ടുപോയി.

സമീപത്തെ വീടുകളിലെയും റിസോർട്ടുകളിലെയും സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30 ഓടെ മൂന്ന് പേർ മുഖംമൂടി ധരിച്ച് വീട്ടിൽ കയറുന്നതും ഏറെ സമയത്തിന് ശേഷം മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് വ്യക്തവുമല്ല. സൗത്ത് പൊലീസും പ്രത്യേക അന്വേഷണ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അന്യസംസ്ഥാന തൊഴിലാളികളാണ് സംഭവത്തിന് പിന്നിലെന്ന സൂചന ലഭിച്ചത്.