abdul

കോട്ടയം: റെയിൽവേ സ്‌​റ്റേഷനിൽ നിർത്തിയിട്ട രണ്ടു ട്രെയിനുകളിൽ നിന്നും മാലയും ബാഗും മോ​ഷ്ടിച്ച് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം റെയിൽ​വേ പൊലീസ് പിടികൂ​ടി. ആസാം സ്വദേശിയായ നാഗഗോൺ ജില്ലയിൽ കഞ്ചുവ ജെർജെപം അബ്ദുൾ ഹു​സൈൻ (23) ആ​ണ് കോട്ടയം റെയിൽവേ സ്‌​റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌​പെക്ടർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

രാത്രി 10ന് കോട്ടയം റെയിൽവേ സ്‌​റ്റേഷനിൽ എത്തിയ കൊല്ലം സ്‌​പെഷൽ ട്രെയിൻ ഇവിടെ 45 മിനിറ്റോളം പിടിച്ചിട്ടിരു​ന്നു. എസ് 5 കമ്പാർട്ട്മെന്റിന്റെ ജനലിന്റെ ഭാഗത്ത് ഇരിക്കുകയായി​രു​ന്നു തൃശൂർ സ്വദേശിനിയായ വീ​ട്ട​മ്മ. ഇവർ ട്രെയിൻ നീങ്ങിത്തുടങ്ങിയ സമയ​ത്ത് ചെറുതായി മയങ്ങി. ഇതോടെ പ്രതി ട്രെയിനിനൊപ്പം നടന്നു നീങ്ങിയ ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടമ്മ മാലയിൽ പിടുത്തമിട്ടതിനാൽ ഒരു പവൻ മാത്രമാണ് നഷ്ടമായത്.

തുടർന്ന് പ്രതി, ഈ സമയം പ്ലാറ്റ്‌​ഫോമിൽ നിർത്തിയിട്ടിരുന്ന അമൃത എക്‌​സ്പ്രസിനുള്ളിൽ കയറി. അമൃത എക്‌​സ്പ്രസിനുള്ളിലെ എസ് 9 കമ്പാർട്ട്‌​മെന്റിൽ കയറിയ പ്രതി, ഈ ട്രെയിനിൽ ദിണ്ഡിഗല്ലിനു യാത്ര ചെയ്യുകയായി​രുന്ന ബാങ്ക് ജീവനക്കാരിയുടെ ബാഗും കവർന്നു. ബാഗ് കവരുന്നതിനിടെ യാത്രക്കാരി ഉണർന്നതായി സംശയിച്ച പ്രതി ട്രെയിനിൽ നിന്നും ചാടി ഇറങ്ങി. തുടർന്ന് പ്ലാറ്റ്‌​ഫോമിൽ നിന്നും രക്ഷപ്പെട്ട പ്രതി, സമീപത്തെ കുറ്റിക്കാടിനുള്ളിൽ ബാഗ് ഉപേക്ഷിച്ചു. ഇതിന് ശേഷം ഫോണും, മാലയുടെ ഭാഗവുമായി പ്രതി രക്ഷപ്പെട്ടു.

തുടർന്ന് , റെയിൽവേ എസ്.എ​ച്ച്.ഒ, റെയിൽവേ എസ്.ഐ സന്തോഷ് , ഗ്രേഡ് എസ്.ഐ ഉദയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീപ് വി.ഗ്രൂപ്പിൽ, സിവിൽ പൊലീസ് ഓഫീസർ കെ.സി രാഹുൽ എന്നിവർ ചേർന്ന് അന്വേഷണം നടത്തി. അന്വേഷണത്തിൽ പ്രതി കുട്ടിക്കാനം ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടതായി കണ്ടെത്തി. ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിൽ പ്രതിയെ കണ്ടെത്തിയ റെയിൽ​വേ പൊലീസ് സംഘം, ഇയാളെ കാഞ്ഞിരപ്പള്ളിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെ​ടുത്തി ഇയാളെ കോടതിയിൽ ഹാ​ജ​രാക്കി.